കേരള രാഷ്ട്രീയത്തിലേക്കുള്ള മടക്കം തോല്‍വിയ്ക്ക് കാരണമായി; ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം
Kerala News
കേരള രാഷ്ട്രീയത്തിലേക്കുള്ള മടക്കം തോല്‍വിയ്ക്ക് കാരണമായി; ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st July 2021, 10:48 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. ദേശീയ രാഷ്ട്രീയത്തില്‍ കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.

കെ.എസ്. ഹംസ, കെ.എം. ഷാജി എന്നിവരാണ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പി.എം.എ. സലാമിനെ ചൊല്ലിയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. കൂടിയാലോചന ഇല്ലാതെ ആക്ടിംഗ് സെക്രട്ടറി ആക്കിയതിലാണ് വിമര്‍ശനം.

അതേസമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേരിട്ട പരാജയം വിലയിരുത്താന്‍ പത്തംഗ ഉപസമിതി രൂപീകരിച്ചു.

കെ.എം. ഷാജി, പി.കെ. ഫിറോസ്, പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ്കുട്ടി, എം. ഷംസുദ്ദീന്‍, പി.എം. സാദിക്കലി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

ലീഗ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

ഉപസമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തക സമിതിയ്ക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഓരോ മണ്ഡലവും സമിതി പരിശോധിക്കും. അഭിപ്രായങ്ങള്‍ ക്രോഡീകരിക്കും.

യോഗത്തില്‍ തലമുറ മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം നേതൃമാറ്റം ചര്‍ച്ചയായില്ല.

കെ.എം. ഷാജിയ്ക്ക് എതിരെയുള്ള വിജിലന്‍സ് അന്വേഷണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഷാജിക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ വേട്ടയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muslim League meeting criticizing Kunjalikkutty