സി.പി.ഐ.എം നിലപാട് ബി.ജെ.പിക്ക് വഴിയൊരുക്കുന്നത്; കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന തിരുമാനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍
Kerala News
സി.പി.ഐ.എം നിലപാട് ബി.ജെ.പിക്ക് വഴിയൊരുക്കുന്നത്; കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന തിരുമാനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th January 2022, 7:34 pm

കോഴിക്കോട്: വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന സി.പി.ഐ.എം തീരുമാനം അന്ധമായ കോണ്‍ഗ്രസ് വിരോധംകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍.

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. അനുയോജ്യമായ സഖ്യമുണ്ടാക്കുന്നതിന് പകരം സി.പി.ഐ.എം നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എം നിലപാട് ബി.ജെ.പിക്ക് വഴിയൊരുക്കുന്നതാണ്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി എല്ലാ പാര്‍ട്ടികളും ബി.ജെ.പിക്കെതിരെ വരുന്നതിനെ എതിര്‍ക്കുന്ന നിലപാടാണിത്. ഇത് പ്രതിപക്ഷത്തിന്റെ യോജിപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സംഖ്യം വേണ്ടെന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അബ്ദുസമദ് പൂക്കോട്ടൂര്‍ കമ്മ്യൂണിസ്റ്റ് നിലപാട് സ്വീകരിച്ചുവെന്നു പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കമ്മ്യൂണിസ്റ്റിനെ വിമര്‍ശിക്കുന്നതാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയാണ് സി.ഐ.ഐ.എം നിലപാട്.

‘ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ബി.ജെ.പിക്കെതിരാണ്,’
സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ഹൈദരാബാദില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കും. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ഫെബ്രുവരി ആദ്യവാരം കരട് പ്രസിദ്ധീകരിക്കും. അന്തിമ രേഖ തയ്യാറാക്കാന്‍ പി.ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സി.പി.ഐ.എം പി.ബി നേരത്തെ വിലയിരുത്തിയിരുന്നു.

അതിനിടയില്‍ മുന്നാം മുന്നണി സാധ്യത ചര്‍ച്ചയായി സി.പി.ഐ.എം ദേശിയ നേതാക്കള്‍ കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്തത്.

CONTENT HIGHLIGHTS:  Muslim League leader ET  Muhammad Basheer said that the CPI (M)’s decision not to ally with the Congress was due to blind opposition to the Congress.