ഇത്തവണത്തെ ഹദിയ പാര്‍ട്ടിക്ക് വേണ്ടി; ഫണ്ട് ക്യാമ്പെയ്‌നുമായി മുസ്‌ലിം ലീഗ്
Kerala News
ഇത്തവണത്തെ ഹദിയ പാര്‍ട്ടിക്ക് വേണ്ടി; ഫണ്ട് ക്യാമ്പെയ്‌നുമായി മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th March 2022, 7:19 pm

മലപ്പുറം: റംസാന്‍ മാസത്തില്‍ ഫണ്ട് ക്യാമ്പെയ്‌നുമായി മുസ്‌ലിം ലീഗ്. ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന പേരിലാണ് ലീഗ് ഫണ്ട് സമാഹരണ ക്യാമ്പെയ്‌നുമായി എത്തിയിരിക്കുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫണ്ട് ക്യാമ്പെയ്ന്‍ വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

‘വിശുദ്ധ റംസാന്‍ മാസം മുസ്‌ലിം ലീഗ് ഫണ്ട് ശേഖരണത്തിന്റെ മാസം കൂടിയായി ആചരിക്കുകയാണ്. റംസാന്‍ സേവനത്തിന്റെയും ദാനധര്‍മങ്ങളുടെയും മാസമാണ്.

ആ ദാനധര്‍മങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടിയാവട്ടെ എന്ന സന്ദേശമാണ് ഈ ക്യാമ്പെയ്ന്‍ റംസാന്‍ മാസത്തില്‍ തന്നെ വെച്ചതിന്റെ ഉദ്ദേശമായി കണക്കാക്കുന്നത്,’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സാധാരണയായി എല്ലാവരും ഹദിയയും സക്കാത്തും നല്‍കുന്നവരാണെന്നും ഇത്തവണത്തെ ഹദിയ പാര്‍ട്ടിക്ക് വേണ്ടിയായിരിക്കട്ടെ എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായാണ് മുസ്‌ലിം ഗീഗ് ഇത്തരത്തില്‍ ഒരു ഫണ്ട് പ്രവര്‍ത്തനം നടത്തുന്നതെന്നും, ഇത് വിജയിപ്പിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ചുമതലയും കടമയുമാണെന്നും അദ്ദേഹം പറഞ്ഞു.