പബ്ബ്ജി നിരോധിക്കണമെന്ന് മുസ്ലിം ലീഗ്; പരാതിക്ക് പിന്നാലെ കഅ്ബയുടെ മാതൃക പിന്‍വലിച്ച് പബ്ബ്ജി നിര്‍മ്മാതാക്കള്‍
pubg
പബ്ബ്ജി നിരോധിക്കണമെന്ന് മുസ്ലിം ലീഗ്; പരാതിക്ക് പിന്നാലെ കഅ്ബയുടെ മാതൃക പിന്‍വലിച്ച് പബ്ബ്ജി നിര്‍മ്മാതാക്കള്‍
ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 9:32 pm

മൊബൈല്‍ ഗെയിം ആയ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്‌നാട് ഘടകം ചെന്നൈ പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കി. ചൊവ്വാഴ്ചയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മുസ്ലിംങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനാല്‍ ഗെയിം നിരോധിക്കണമെന്നായിരുന്നു ആവശ്യം. പരാതിയ്ക്ക് പിന്നാലെ പബ്ബ്ജി ഗെയിമില്‍ വന്ന കഅ്ബയുടെ മാതൃക പിന്‍വലിച്ചു.

വളരെ ജനകീയമായ ഈ ഗെയിമിന്റെ പുതിയ പതിപ്പില്‍ കഅ്ബയുടെ മാതൃക കാണിക്കുന്നുവെന്നും കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുവെന്നുമായിരുന്നു പരാതി.

പബ്ബ്ജിയുടെ നിര്‍മ്മാതാക്കളായ ടെന്‍സന്റ് ഗെയിം ഗെയിമിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗെയിമിനകത്ത് കഅ്ബയും മറ്റിനങ്ങളും ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഓണ്‍ലൈന്‍ പ്രചരണം നടന്നിരുന്നു. ഇതേ സമയത്ത് തന്നെയാണ് മുസ്ലിം ലീഗ് പരാതി നല്‍കിയത്.

നിരവധി പരാതികള്‍ ലോകമെമ്പാടും ഉയര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ ടെന്‍സന്റ് ഗെയിം ജന്മദിന സമ്മാനപ്പൊതി പരിഷ്‌ക്കരിക്കുകയും കഅ്ബയുടെ മാതൃക എടുത്തു മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.