ശിവമോഗയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ മുസ്‌ലിം ഗുണ്ടകള്‍, വേണമെങ്കില്‍ അവരെ നിലയ്ക്കുനിര്‍ത്തുക; ബി.ജെ.പി നേതാവ്
national news
ശിവമോഗയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ മുസ്‌ലിം ഗുണ്ടകള്‍, വേണമെങ്കില്‍ അവരെ നിലയ്ക്കുനിര്‍ത്തുക; ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 7:07 pm

ബെംഗളൂരു: ശിവമോഗയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിം ഗുണ്ടകളാണെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് കെ.എസ് ഇശ്വരപ്പ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ചിത്രപ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ഈശ്വരപ്പ രംഗത്തെത്തിയത്.

ഹിന്ദു വിഭാഗത്തെ ദുര്‍ബലരായി കണക്കാക്കേണ്ട. ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ അവരെ പൊരുതി തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ പ്രശംസിച്ച ഈശ്വരപ്പ മുസ്‌ലിം വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ വിഭാഗത്തിലെ യുവതലമുറയെ നിലയ്ക്കുനിര്‍ത്താന്‍ പഠിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രമസമാധാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ മുസ്‌ലിങ്ങളും ഹിന്ദുക്കളും ഇക്കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറയില്ല. ഹിന്ദു സമൂഹം കരുത്തരാണ്. അവര്‍ ഒരിക്കലും ദുര്‍ബലരല്ല. അവര്‍ ശരിക്കുമൊന്ന് പ്രതിഷേധിച്ചാല്‍ മുസ്‌ലിം ഗുണ്ടകള്‍ക്ക് ചെറുക്കാന്‍ സാധിക്കില്ല. പക്ഷേ ഹിന്ദുക്കള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ താത്പര്യമില്ല. അവര്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ് താത്പര്യം,’ ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുത്ത് പൊലീസ് ഒരുവട്ടം താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും മുസ്‌ലിം ഗുണ്ടകള്‍ അതേ പ്രവര്‍ത്തികള്‍ തന്നെ തുടരുകയാണ്.

‘മുസ്‌ലിം വിഭാഗത്തിലെ മുതിര്‍ന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, വേണമെങ്കില്‍ നിങ്ങളുടെ യുവതലമുറയെ നിലയ്ക്ക് നിര്‍ത്തിക്കൊള്ളുക,’ ഈശ്വരപ്പ പറഞ്ഞു. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരോട് സര്‍ക്കാര്‍ അല്ല അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് എന്ന അവസ്ഥയുണ്ടായാല്‍ അതും അഭിമുഖീകരിക്കാന്‍ തയ്യാറായിരിക്കണമെന്നും പറഞ്ഞുകൊടുക്കണം,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു നടക്കുന്ന വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡില്‍ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് പ്രദേശത്ത് വലിയ രീതിയില്‍ പ്രതിഷേധത്തിന് കാരണമായത്.

മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം പ്രതിഷേധം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സിറ്റി വിങ് പ്രസിഡന്റ് ജഗദീഷ് ആരോപിച്ചിരുന്നു.

Content Highlight: Muslim goondas behind the communal violence in shivamogga says bjp leader