എസ്സേയ്‌സ് /ടി.കെ. മുഹമ്മദ് ഹാരിസ്
ക്രമേണ അറബി ഭാഷ ഈജിപ്തിലെ മുഖ്യഭാഷയായും അറബികളുടെ മതമായ ഇസ്ലാം പ്രധാനമതമായും മാറി. അധിനിവേശത്തിന് മുന്‍പ് ഈജിപ്ത് ദേശവാസികള്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളായ കൃസ്ത്യാനികളായിരുന്നു. അവര്‍ക്ക് അവരുടേതായ ഭാഷയുമുണ്ടായിരുന്നു. മതപരിവര്‍ത്തനത്തിനു വഴങ്ങാതിരുന്ന കോപ്റ്റിക് കൃസ്റ്റ്യന്‍ വിശ്വാസികളിലെ ഒരു ന്യൂനപക്ഷം ഒഴികെ ബാക്കിയെല്ലാവരും അറബി അവരുടെ ഭാഷയായും ഇസ്ലാം അവരുടെ മതമായും സ്വീകരിച്ചു. അറബികളുടെ ദ്വിഗ്‌വിജയത്തിന് ശേഷം അറബിയും കോപ്റ്റിക്കും ചേര്‍ന്ന വേദപുസ്തകങ്ങളാണ് കോപ്റ്റിക് വിഭാഗം ഉപയോഗിച്ചിരുന്നത്.
1798 ലെ നേപ്പോളിയന്‍ ബോണോപാര്‍ട്ടിന്റെ അധിനിവേശത്തോടെയായിരുന്നു ആധുനിക ഈജിപ്തിന്റെ ചരിത്രം ആരംഭിക്കുന്നത്. യൂറോപ്പിന്റെ ആധുനിക സൈനിക ഘടനയുടെ ആക്രമണസ്വഭാവവും ബലപ്രയോഗത്തിന്റെ ശക്തിയും ഈജിപ്ത് ആദ്യമായി അനുഭവിച്ചറിയുന്നതും നെപ്പോളിയന്റെ ആക്രമണത്തോടുകൂടിയാണ്. പക്ഷേ ഫ്രാന്‍സിന്റെ അധിനിവേശം ഏറെനാള്‍ നീണ്ടുനിന്നില്ല.1805 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ അല്‍ബേനിയന്‍ വംശജനായ മുഹമ്മദ് അലിയെ ഈജിപ്തിലെ വൈസ്രോയിയായി അംഗീകരിച്ചു.
ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ കാലഹരണപ്പെട്ടതും അസഹിഷ്ണുത നിറഞ്ഞതും ആക്രമകവുമായ ആശയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞി രുന്നെങ്കില്‍ നമുക്ക് സ്വാഗതം ചെയ്യാമായിരുന്നു
ഈജിപ്തിനെ മറ്റുപാശ്ചാത്യേതര രാജ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ആധുനികവല്‍ക്കരിക്കാനും ആഗോളസമ്പത് വ്യവസ്ഥയുമായി കണ്ണിചേര്‍ക്കാനും മുഹമ്മദ് അലിക്കു കഴിഞ്ഞിരുന്നു. 1849 ല്‍ മുഹമ്മദ് അലി മരണമടഞ്ഞതിനുശേഷം പിന്‍ഗാമികളായി വന്നത് അബ്ബാസ്, സെയ്യിദ് , ഇസ്മായില്‍ എന്നിവരായിരുന്നു. 1870 കളില്‍ ഇസ്മയിലിന്റെ ഭരണമായതോടെ ഈജിപ്തിന്റെ ഈ മുന്നോട്ടുള്ള പോക്കിന് തടസ്സം നേരിട്ടു. ഇതിനൊരു പ്രധാനകാരണം അക്കാലത്തെ പ്രധാന സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടന്റെ ആക്രമണങ്ങളായിരുന്നു. ബ്രിട്ടന്റെ ഇടപെടലുകള്‍ മൂലം ഇസ്മയിലിന്റെ സാമ്പത്തിക കാര്യങ്ങള്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലെത്തിച്ചേരുന്ന സ്ഥിതിയിലായി.
1882 ല്‍ സൈനികാധിനിവേശത്തോടെ ഈജിപ്ത് പൂര്‍ണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായി. ഒരു ആധുനിക ഈജിപ്ത് ഉയര്‍ന്നുവരുന്നത് ഏതുവിധേനയും തടയുക എന്ന ലക്ഷ്യമായിരുന്നു ബ്രിട്ടന്. പ്രതിലോമ ചിന്താഗതികളും മധ്യകാലഘട്ട സംസ്‌കാരവും ആശയങ്ങളും ദൃഡീകരിക്കുന്നതിന് ഈജിപ്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥാപനങ്ങളെയെല്ലാം ബ്രിട്ടന്‍ ഉപയോഗിച്ചു. ഇതുവഴി ഈജിപ്തിനെ പിന്നോക്കാവസ്ഥയില്‍ നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
ബ്രിട്ടന്റെ കോളനി വാഴ്ചയ്‌ക്കെതിരെ തുടക്കം മുതല്‍ത്തന്നെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പലഘട്ടങ്ങളിലായി തുടര്‍ന്നുവന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ വിവിധരാഷ്ട്രീയ ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും സജീവമായിരുന്നു. ഈ സമരങ്ങള്‍ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നു. ജനാധിപത്യം , ദേശീയസ്വാതന്ത്ര്യം , സാമൂഹ്യപുരോഗതി.
സ്വാതന്ത്ര്യ സമരത്തിന്റെ മുമ്പന്തിയില്‍ ഉണ്ടായിരുന്നത് 1919 ല്‍ സഅദ് അല്‍ സഘ്‌ലൂല്‍ സ്ഥാപിച്ച വഫദ് പാര്‍ട്ടിയായിരുന്നു. പരിമിത രാജാധിപത്യം നിലനിര്‍ത്തിക്കൊണ്ട് ബൂര്‍ഷ്വാ രീതിയിലുള്ള ഭരണഘടനാ ജനാധിപത്യത്തിലൂടെ രാഷ്ട്രത്തിലൂടെ ആധുനിക വത്കരിക്കുക എന്നതായിരുന്നു വഫദ് പാര്‍ട്ടിയുടെ പരിപാടി . ഈ ജനാധിപത്യ സംവിധാനം മതേതരത്വത്തില്‍ ഊന്നിയുള്ളതായിരിക്കും.
NEXTPAGE
കുരിശും ചന്ദ്രക്കലയും മുദ്രണം ചെയ്ത പതാകയായിരുന്നു അവരുടേത്.(തഹ്‌രീര്‍ ചത്വരത്തില്‍ പ്രക്ഷോഭകാരികളില്‍ ചിലര്‍ ഈ പതാകയേന്തിയിരുന്നു.) അക്കാലത്തുനടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശവാസികളായ ഈജിപ്ഷ്യന്‍ കോപ്ടിക് കൃസ്ത്യാനികള്‍ ഭൂരിപക്ഷം വരുന്ന മുസ്ലീം സമ്മദിദായകരാല്‍ തെരഞ്ഞെടുക്കപ്പെടുകയും ഉന്നത സ്ഥാനമാനങ്ങള്‍ വഹിക്കുകയും ചെയ്തിരുന്നു.
രാജവംശം, വന്‍കിടഭൂപ്രഭുക്കള്‍ , ധനികകര്‍ഷകര്‍ എന്നിവരുടെ കറയറ്റ സഹായത്തോടെയാണ് ബ്രിട്ടന്‍ വഫദ് പാര്‍ട്ടിയുടെ നേതൃത്വത്തിന്‍ കീഴില്‍ നടന്ന ജനാധിപത്യ മുന്നേറ്റത്തെ കടപുഴക്കിയത്. 1930 കളില്‍ സെദ്കി പാഷയുടെ ഏകാധിപത്യവാഴ്ചക്കാലത്താണ് 1923 ലെ ജനാധിപത്യ ഭരണഘടന റദ്ദാക്കപ്പെട്ടത്. ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രസ്ഥാനം നടത്തിയ പ്രക്ഷോഭ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ തുനിഞ്ഞത് സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ജനങ്ങളുടെ സമരങ്ങള്‍ ഉയര്‍ത്തിയ ഭീഷണി മറികടക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടിഷ് എംബസിയും രാജകൊട്ടാരവും ആയിടയ്ക്ക് രൂപീകരിച്ച മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയ്ക്ക് സര്‍വ്വ വിധ സഹായങ്ങളും നല്‍കിയത്. രാഷ്ട്രീയ ഇസ്ലാമിന്റെ ജനാധിപത്യവിരുദ്ധവും സാമൂഹ്യപുരോഗതിയ്ക്ക് എതിര്‍നില്‍ക്കുന്നതുമായ ഏറ്റവും പിന്തിരിപ്പനായ മുഖമാണ് മുസ്ലീം ബ്രദര്‍ ഹൂഡിനുണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇസ്ലാം ആരാധനയ്‌ക്കോ, നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയ മതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനോ മാത്രമുള്ളതല്ല. ഇസ്ലാം എന്നത ഒരു വിപ്ലവ പ്രത്യയശാസ്ത്രവും മുസ്ലീം എന്നത് മനുഷ്യനിര്‍മ്മിതമായ എല്ലാചിന്താധാരകളുടേയും പൊള്ളത്തരം തുറന്നുകാണിക്കുകയും അവയെ തച്ചുടയ്ക്കുകയും ചെയ്യുന്ന വിപ്ലവകാരികളുമായിരിക്കണം.
ജനാധിപത്യം, നിയമ നിര്‍മ്മാണ സഭകള്‍, ഭരണഘടന തുടങ്ങിയ മനുഷ്യനിര്‍മ്മിതമായ ആശയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകരം അല്ലാഹുവിന്റെ പരമാധികാരവും (ഇസ്ലാമികരാഷ്ട്രം) അല്ലാഹുവിന്റെ നിയമവും (ശരിഅത്ത്) നടപ്പിലാക്കുകയാണ് ഒരു യഥാര്‍ത്ഥ മുസ്ലിമിന്റെ കടമ. കഴിഞ്ഞ 70 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതാണ്.
അതേ ജമാഅത്തെ ഇസ്ലാമിയാണ് ഇന്ത്യയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരിലൊരു രാഷ്ട്രീയകക്ഷി രൂപീകരിച്ചുകൊണ്ട് മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ക്കകത്തു നിന്നുകൊണ്ട് അവയ്ക്ക് ദാസ്യവൃത്തി ചെയ്യാനൊരുമ്പെടുന്നത്. ഈ മാറ്റത്തെ നമുക്ക് സ്വാഗതം ചെയ്യാമായിരുന്നു, അവര്‍ മൗദൂദിയുടെ കാലഹരണപ്പെട്ടതും അസഹിഷ്ണുത നിറഞ്ഞതും ആക്രമകവുമായ ആശയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നെങ്കില്‍. പക്ഷേ അതുണ്ടായില്ല. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നു അവകാശപ്പെട്ടുകൊണ്ട് അവര്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ നോക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഇത്രയും പറഞ്ഞത് മൗദീദിയന്‍ ചിന്തകളാല്‍ പ്രചോദിതരായി പ്രവര്‍ത്തിക്കുന്ന അറബുനാടുകളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്യുന്നതും ഇത്തരം വേലകളാണെന്നതിനാലാണ്.അധിനിവേശശക്തിയായ ബ്രിട്ടനേയും അഴിമതിയുടെ പ്രതീകമായിരുന്ന ഫാറൂഖ് രാജാവിനേയും ജനങ്ങള്‍ വെറുത്തിരുന്നു.1952 ജൂലായ് 23 ന് ഒരു രക്തരഹിത വിപ്ലവത്തിലൂടെ ബ്രിഗേഡിയര്‍ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിന്റെ സ്വതന്ത്ര ഓഫീസര്‍മാരുടെ ഗ്രൂപ്പ് ഫാറൂഖ് രാജാവിനെ അധികാര ഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്തു. ഗമാല്‍ അബ്ദുള്‍ നാസറും അന്‍വര്‍സാദത്തും ഉള്‍പ്പെട്ട സ്വതന്ത്ര ഓഫീസര്‍മാര്‍ റവല്യൂഷണറി കമാന്‍ഡ് കൗണ്‍സില്‍ രൂപീകരിച്ച് ഭരണം നടത്തിപ്പോന്നു.
പുതിയ വിപ്ലവഭരണകൂടം ഭൂപ്രഭുക്കളുടെ അധികാരത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുകയും രാജകീയ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം നിരോധിക്കുകയും രാജാധിപത്യ ചിന്തകള്‍ തുടച്ചുനീക്കുകയും “പാഷ ” എന്ന സ്ഥാനപ്പേര് നിര്‍ത്തലാക്കുകയും ചെയ്തു. 1953 ജൂണില്‍ ഈജിപ്തിനെ ഒരു റിപബ്ലിക്കായി പ്രഖ്യാപിച്ചു.
ഇതിനിടയില്‍ റവല്യൂഷനറി കമാന്‍ഡ് കൗണ്‍സിലില്‍ അഭിപ്രായഭിന്നത ഉടലെടുക്കുകയും 1954 ല്‍ നാസര്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീനം തന്ത്രപൂര്‍വം നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നാസര്‍ വിജയിച്ചു. 1954 ല്‍ നാസറിന് നേരെ നടന്ന വധശ്രമത്തെതുടര്‍ന്ന് മുസ്ലീം ബ്രദര്‍ഹൂഡിനെ നിരോധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു.
വിദേശസഹായത്തിനടി- പ്പെട്ടുകൊണ്ടുളള സമ്പുര്‍ണ്ണ സ്വതന്ത്ര കമ്പോള സമ്പത് വ്യവസ്ഥയ്ക്ക് വേണ്ടിയാണ് ബ്രദര്‍ഹൂഡ് നിലകൊള്ളുന്നത്
1952 ല്‍ തുടങ്ങിയ സൈനികഭരണം മുബാറക്കിന്റെ സ്ഥാനഭ്രംശം വരെ തുടര്‍ന്നു. ഇപ്പോഴും അധികാരം സൈനികജുണ്ടയുടെ കയ്യില്‍ത്തന്നെയാണ്. ജനകീയപ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ പ്രക്ഷോഭകരോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന സൈന്യം പിന്നീട് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുകയാണ്.
മുബാറക്കിന്റെ സ്ഥാനഭ്രംശത്തിലേക്കു നയിച്ച ജനകീയവിപ്ലവത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ വിട്ടുനിന്ന മുസ്ലീം ബ്രദര്‍ഹുഡ് ജനാധിപത്യ വിപ്ലവത്തിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനുവേണ്ടിയും പട്ടാളത്തിന്റെ നിഗൂഡലക്ഷ്യങ്ങള്‍ക്കുമെതിരെയും നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണുണ്ടായ്ത്.
പുന:രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട യുവജനങ്ങളും ഇടതുപക്ഷവും മധ്യവര്‍ഗജനാധിപത്യവാദികളും ചേര്‍ന്ന് സൈനിക ജുണ്ടയ്‌ക്കെതിരെ വീണ്ടും തഹ്‌രീര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ അതിനോട് മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു മുസ്ലീം ബ്രദര്‍ഹുഡ്. ഇത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിന് സൈനികജുണ്ടയ്ക്ക് സഹായകമായിത്തീര്‍ന്നു.
40 ലധികം പ്രക്ഷോഭകരാണ് ഈയവസരത്തില്‍ രക്തസാക്ഷികളായത്. പ്രക്ഷോഭകരില്‍ ഭൂരിപക്ഷത്തിനും നവംബര്‍ 28,29 തിയ്യതികളില്‍ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പുകളില്‍ സജീവരാകാന്‍ കഴിഞ്ഞില്ല. ചില കക്ഷികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു. സ്വാഭാവികമായും ഇത് സൈനിക ജുണ്ടയോടൊപ്പം നിന്ന മുസ്ലീം ബ്രദര്‍ഹുഡിന് അനുകൂലമായിത്തീരുന്ന അവസ്ഥ കൈവന്നു.
മുന്‍സൈനിക ഭരണകൂടങ്ങളില്‍നിന്ന് സംരക്ഷണവും പ്രോത്സാഹനവും ലഭിച്ചത് മുസ്ലീം ബ്രദര്‍ ഹൂഡിനുമാത്രമായിരുന്നു. സാദത്തും മുബാറക്കും വിദ്യാഭ്യാസം, കോടതികള്‍, ദൃശ്യമാധ്യമങ്ങള്‍ എന്നിവയുടെ നിയന്ത്രണാധികാരം അവര്‍ക്കു വിട്ടുകൊടുത്തു. ബ്രദര്‍ഹുഡ് ഒരിക്കലും മതവാദികളോ ജനാധിപത്യവാദികളോ ആയിരുന്നില്ല. അവരുടെ നേതാവ് (മുര്‍ഷിദ് എന്ന് അറബിയില്‍) സ്വയം അവകാശപ്പെട്ടതാണ്. എല്ലാതീരുമാനങ്ങളും എടുക്കുന്നത് നേതാവിന്റെ കല്‍പ്പനകളെ യാതൊരുവിധ ചര്‍ച്ചയും കൂടാതെ ശിരസാവഹിച്ചുകൊണ്ടാണ്. അതിന്റെ നേതൃത്വനിരയിലുള്ളവരെല്ലാം അതിസമ്പന്ന വര്‍ഗത്തില്‍ നിന്നുളളവരാണ്. രണ്ടാം നേതൃത്വനിരയാലാകട്ടെ മധ്യവര്‍ഗങ്ങളില്‍ നിന്നുമാണ്.
മുസ്ലീം ബ്രദര്‍ഹുഡ് അതിന്റെ രാഷ്ട്രീയരൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയില്‍ കൂടിയാണ് തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ വ്യക്തമാക്കി ബ്രദര്‍ഹുഡിന്റെ സെക്രട്ടറി ജനറല്‍ മുഹമ്മദ് സഅദ് കതാത്‌നി പറയുന്നത് അവരുടെ പാര്‍ട്ടി ഒരു മതാധിഷ്ഠിത പാര്‍ട്ടിയല്ലെന്നാണ്. അതേ ശ്വാസത്തില്‍ത്തന്നെ ഇസ്ലാമിക സ്വഭാവമുള്ള ആധുനിക ജനാധിപത്യ രാഷ്ട്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും പറയുന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇസ്ലാമിക ശരിഅത്ത് ആയിരിക്കും തങ്ങള്‍ പിന്തുടരുന്ന നയമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1923 ലെ ഭരണഘടനയിലോ നാസറിന്റെ ഭരണകാലത്തോ ഇല്ലാതിരുന്ന ശരിഅത്ത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ബ്രദര്‍ഹുഡിന്റെ സമ്മര്‍ദ്ദഫലമായി അന്‍വര്‍സാദത്തായിരുന്നു. അമേരിക്കയുടെയും സൗദി അറേബ്യയുടേയും ഇസ്രേയലിന്റേയും ഒത്താശയോടെ തയ്യാറാക്കിയ തന്റെ പുതിയഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 2 ആയിട്ടാണ് സാദത്ത് ശരിഅത്ത് ഉള്‍പ്പെടുത്തിയത്.
എല്ലാനിയമങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് ശരിഅത്തായിരിക്കുമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ശരിഅത്ത് പ്രകാരം ഭരിക്കുമെന്നു പറയുമ്പോള്‍ ആധുനികതയും ജനാധിപത്യവുമൊന്നുമല്ല ഇസ്ലാമിക വല്‍ക്കരണം തന്നെയാണ് ബ്രദര്‍ഹുഡിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ വിഷമമൊന്നുമില്ല. ഭാവിയില്‍ ആര്‍ട്ടിക്കിള്‍ രണ്ടിനെ ചൊല്ലിയായിരിക്കും മതേതരത്വ ജനാധിപത്യ ശക്തികളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള യുദ്ധം.
വിദേശസഹായത്തിനടിപ്പെട്ടുകൊണ്ടുളള സമ്പുര്‍ണ്ണ സ്വതന്ത്ര കമ്പോള സമ്പത് വ്യവസ്ഥയ്ക്ക് വേണ്ടിയാണ് ബ്രദര്‍ഹൂഡ് നിലകൊള്ളുന്നത്. തൊഴിലാളികളും കര്‍ഷകരും നടത്തുന്ന അവകാശസമരങ്ങള്‍ക്കെല്ലാം അവരെതിരാണ്. നവലിബറല്‍ നയങ്ങളെ ചോദ്യം ചെയ്യാതെ പിന്തുടരുകയെന്നതാണ് അവരുടെ നയം . ഇതെല്ലാംകൊണ്ട് അമേരിക്കയ്ക്ക് പശ്ചിമേഷ്യന്‍ മേഖലയെ പ്രയോജനപ്പെടുത്താന്‍ പറ്റിയ ഒരു സഖ്യശക്തിയായി മുസ്ലീം ബ്രദര്‍ഹുഡ് പരിണമിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
മുസ്ലീം ബ്രദര്‍ഹുഡ് 1928 ല്‍ രൂപം കൊണ്ടതുമുതല്‍ ഇന്നേവരെ സാമ്രാജ്യത്വ ശക്തികളുടെയും ഈജിപ്തിലെ പ്രതിലോമ ശക്തികളുടെയും ഒരു പ്രായോഗിക സഖ്യശക്തിയായിരുന്നിട്ടുണ്ട്. മുസ്ലീം ലോകത്തെ രാഷട്രീയം ഇസ്ലാം അഥവാ അമേരിക്കയുടെയും സഖ്യശക്തികളുടേയും തന്ത്രപരമായ സഖ്യശക്തിയായി പ്രവര്‍ത്തിച്ച ചരിത്രം നമുക്കറിയാം.
ബഹ്‌റിനിലെ വിപ്ലവത്തെയും സൗദിയുടെയും അമേരിക്കയുടെയും സഹായത്തോടെ ചോരയില്‍ മുക്കിക്കൊല്ലുന്നു. അറബുവിപ്ലവ മുന്നേറ്റത്തെ പിടിച്ചുകെട്ടാന്‍ എല്ലാപ്രതിലോമ ശക്തികളും ഒന്നിക്കുകയാണ്, ഇസ്ലാമിസ്റ്റുകളടക്കം
അഫ്ഗാനിസ്ഥാനിലെ ദേശീയ ജനകീയ ഗവണ്‍മെന്റുകളുടെ അട്ടിമറിക്കാന്‍ താലിബാനെ എല്ലാവിധത്തിലും സഹായിച്ചത് അമേരിക്കയും സഖ്യശക്തികളുമാണല്ലോ. ലോകസാമ്പത്തിക ഫോറത്തില്‍ അമേരിക്കന്‍ അറബ് ബന്ധത്തെക്കുറിച്ചുള്ള ഒരു സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മക്‌കെയ്ന്‍ പറഞ്ഞത് ഇസ്ലാമിസ്റ്റുകള്‍ക്ക് അധികാരത്തില്‍ വരാനുളള അവകാശത്തെ മാനിക്കുന്നുവെന്നാണ്. മതേതരശക്തികളെയെല്ലാം അവഗണിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് എന്നാണ് മക്‌കെയ്ന്‍ ഇസ്ലാമിസ്റ്റുകളോട് പരോക്ഷമായി പറയുന്നത്.
മുബാറക്കിനെ പുറത്താക്കാന്‍ കഴിഞ്ഞതോടെ തഹ്‌രീര്‍ ചത്വരത്തില്‍ നിന്ന് പൊടിയും തട്ടി പോയ്ത് അബദ്ധമായിപ്പോയെന്ന് ചിന്തിക്കുന്നവരാണ് വിപ്ലവത്തില്‍ സജീവമായി നിന്നിരുന്ന ജനാധിപത്യവിശ്വാസികള്‍. ഒരു വിപ്ലവഗവര്‍മെന്റിന് രൂപം കൊടുക്കുന്നതുവരെ ചത്വരത്തില്‍ തമ്പടിക്കേണ്ടതായിരുന്നു എന്നാണവര്‍ ഇപ്പോള്‍ കരുതുന്നത്. ഈ അബദ്ധം പിണഞ്ഞതുകൊണ്ടാണ് മുസ്ലീം ബ്രദര്‍ഹുഡിന് വിപ്ലവത്തെ ഹൈജാക്ക് ചെയ്യാന്‍ കഴിയുന്നത്.
വിപ്ലവം നീണ്ടുപോവുകയും അതിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് മുതലാളിത്ത പിന്തിരിപ്പന്‍ വര്‍ഗങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യമല്ല. മുസലീം ബ്രദര്‍ഹുഡിന് അധികാരം കൊടുത്തിട്ടാണെങ്കിലും വിപ്ലവത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ ആഗോള മുതലാളിത്തവും സാമ്രാജ്യത്വവും അറബ് നാടുകളിലെ പ്രതിലോമ ശക്തികളും ഒറ്റക്കെട്ടാണ്.
മുസ്ലീം ബ്രദര്‍ഹുഡും മറ്റു ഇസ്ലാമിക പാര്‍ട്ടികളുമായി സംഭാഷണത്തിന് അമേരിക്ക തയ്യാറെടുക്കുകയാണെന്ന് യു.എസ്.സ്‌റ്റേറ്റ് ഉദ്യോഗസഥര്‍ ഇക്കഴിഞ്ഞ ജൂലായില്‍ സൂചിപ്പിക്കുകയുണ്ടായി. ഇത് ബ്രദര്‍ഹുഡ് നേതാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമുള്ള അറബ് നാടുകളില്‍ പടര്‍ന്നു പിടിച്ച് കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന വിപ്ലവങ്ങളെല്ലാം ഇപ്പോള്‍ മന്ദഗതിയിലാണ്. യമനിലെ വിപ്ലവത്തെ തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ പര്യവസാനിപ്പിക്കാന്‍ സൗദി അറേബ്യയും അമേരിക്കയും ഉറ്റുശ്രമിക്കുകയാണ്. ബഹ്‌റിനിലെ വിപ്ലവത്തെയും സൗദിയുടെയും അമേരിക്കയുടെയും സഹായത്തോടെ ചോരയില്‍ മുക്കിക്കൊല്ലുന്നു. അറബുവിപ്ലവ മുന്നേറ്റത്തെ പിടിച്ചുകെട്ടാന്‍ എല്ലാപ്രതിലോമ ശക്തികളും ഒന്നിക്കുകയാണ്, ഇസ്ലാമിസ്റ്റുകളടക്കം.
RELATED ARTICLES
ഇസ്ലാമിസത്തില്‍ നിന്ന് പോസ്റ്റ് ഇസ്ലാമിസത്തിലേക്കോ?
ബ്രദര്‍ഹുഡിനെ വിശ്വസിക്കാമോ?
അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?
Malayalam Article