സിത്താരയായിരുന്നു കുഞ്ഞുകുഞ്ഞാലിയുടെ ട്രാക്ക് പാടിയത്, ആദ്യം കേട്ടപ്പോള്‍ തന്നെ ചിത്രച്ചേച്ചിക്ക് പാട്ട് ഇഷ്ടമായി; സംഗീത സംവിധായകന്‍ റോണി റാഫേല്‍ പറയുന്നു
Malayalam Cinema
സിത്താരയായിരുന്നു കുഞ്ഞുകുഞ്ഞാലിയുടെ ട്രാക്ക് പാടിയത്, ആദ്യം കേട്ടപ്പോള്‍ തന്നെ ചിത്രച്ചേച്ചിക്ക് പാട്ട് ഇഷ്ടമായി; സംഗീത സംവിധായകന്‍ റോണി റാഫേല്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th April 2021, 1:55 pm

കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലെ കുഞ്ഞുകുഞ്ഞാലിക്ക് എന്ന ഗാനം ഇതിനകം തന്നെ സംഗീതാസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളമടക്കം നാലുഭാഷകളിലും ഗാനം ആലപിച്ചത് ഗായിക കെ.എസ് ചിത്രയാണ്.

മലയാളം റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ മറ്റ് നാല് ഭാഷകളിലും ചേച്ചി തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ റോണി റാഫേല്‍. ചിത്ര ചേച്ചിയുടെ ശബ്ദത്തില്‍ ഈ പാട്ട് വരുമ്പോള്‍ അതിലൊരു മാജിക്കുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അത് തെറ്റിയില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ റോണി പറയുന്നു.

താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മുകളിലാണ് ചേച്ചി പാടിയതെന്നും ചേച്ചിയെ കൊണ്ട് പാടിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും റോണി അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ പാട്ടിന്റെ ട്രാക്ക് പാടിയത് പിന്നണി ഗായിക സിത്താരയായിരുന്നു. ആദ്യം കേട്ടപ്പോള്‍ തന്നെ പാട്ട് ചേച്ചിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഈ പാട്ടിനായി ചേച്ചി നന്നായി പ്രാക്ടീസ് ചെയ്തിരുന്നു. കുറേ നേരം വാം അപ്പ് ചെയ്തതിന് ശേഷമാണ് ചിത്ര ചേച്ചി സ്റ്റുഡിയോയുടെ അകത്തേക്ക് കയറിയത്. ചേച്ചി ഓരോ തവണ പാടുമ്പോഴും എന്നോട് ഒക്കെയാണോ തെറ്റുകളുണ്ടോ ഇഷ്ടപ്പെട്ടോ എന്നൊക്കെ ചോദിച്ചു. ഇത്രയും വലിയ പ്രതിഭയായിരുന്നിട്ടു പോലും ചേച്ചി കാണിക്കുന്ന വിനയം നമ്മെ അത്ഭുതപ്പെടുത്തും,’ റോണി പറഞ്ഞു.

ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. നടന്‍ മുകേഷ് സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആദ്യമായി സംവിധായകന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുട്ട്യാലി മരയ്ക്കാര്‍ എന്ന കഥാപാത്രമായാണ് ഫാസിലെത്തുന്നത്.

സുപ്രധാന നായികാ വേഷങ്ങളില്‍ എത്തുന്നത് കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Music Director Of Marakkar Arabikkadalinte Simham Rony Raphael says about Chithra