ദാസ് സാറിനെ കുറിച്ച് ഇപ്പോള്‍ പലരും മോശം പറയുന്നു; പുതിയ പിള്ളേര് കാണിക്കുന്ന അഹങ്കാരത്തിന്റെ നൂറിലൊന്നു പോലും അദ്ദേഹം കാണിക്കാറില്ല: മോഹന്‍ സിത്താര
Malayalam Cinema
ദാസ് സാറിനെ കുറിച്ച് ഇപ്പോള്‍ പലരും മോശം പറയുന്നു; പുതിയ പിള്ളേര് കാണിക്കുന്ന അഹങ്കാരത്തിന്റെ നൂറിലൊന്നു പോലും അദ്ദേഹം കാണിക്കാറില്ല: മോഹന്‍ സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th September 2021, 3:02 pm

മോഹന്‍ സിത്താര എന്ന സംഗീത സംവിധായകന്‍ ഉണ്ടാകാന്‍ കാരണം തന്നെ ഗായകന്‍ യേശുദാസ് ആണെന്നും താന്‍ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പറയുകയാണ് മോഹന്‍ സിത്താര.

ദാസ് സാറിനെപ്പറ്റി ഇപ്പോള്‍ പലരും മോശമായി എന്തൊക്കെയോ പറയാറുണ്ടെന്നും എന്നാല്‍ അടുത്തറിയുന്നവരാരും അദ്ദേഹത്തെ കുറിച്ച് മോശം പറയില്ലെന്നും മോഹന്‍സിത്താര ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോഴത്തെ വിരലിലെണ്ണാവുന്ന പാട്ടുകള്‍ പാടിയ പിള്ളേര് കാണിക്കുന്ന അഹങ്കാരത്തിന്റെ നൂറിലൊന്നു പോലും ദാസ് സാര്‍ കാണിക്കാറില്ലെന്നും മോഹന്‍ സിത്താര പറഞ്ഞു.

”ദാസ് സാറിനെ ഒരു ഗുരുവിനെപ്പോലെയാണ് ഞാന്‍ കാണുന്നത്. കാരണം മോഹന്‍ സിത്താര എന്ന സംഗീത സംവിധായകന്‍ ഉണ്ടാകാന്‍ കാരണം അദ്ദേഹമാണ്.

എന്റെ ചേട്ടന്‍ തരംഗിണിയില്‍ സിത്താര്‍ ട്യൂട്ടര്‍ ആയിരുന്നു. ചേട്ടനാണ് എന്നെ കുറിച്ച് ദാസ് സാറോട് പറയുന്നത്. എന്നെ സൗജന്യമായി തരംഗിണിയില്‍ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി.

ദാസ് സാറിനെപ്പറ്റി ഇപ്പോള്‍ പലരും മോശമായി എന്തെക്കെയോ പറയാറുണ്ട്. എന്നാല്‍ അടുത്ത് അറിയുന്നവരാരും അദ്ദേഹത്തെ കുറിച്ച് മോശം പറയില്ല. കാരണം ഇപ്പോഴത്തെ വിരലിലെണ്ണാവുന്ന പാട്ടുകള്‍ പാടിയ പിള്ളേര് കാണിക്കുന്ന അഹങ്കാരത്തിന്റെ നൂറിലൊന്ന് പോലും ദാസ് സാര്‍ കാണിക്കാറില്ല,” മോഹന്‍ സിത്താര പറഞ്ഞു.

സംഗീത സംവിധാനത്തിന് പുറമെ ഒരു പുതിയ ചുവടുവെപ്പിന് കൂടി ഒരുങ്ങുകയാണ് മോഹന്‍ സിത്താര. ഏറെ കാലമായി ആഗ്രഹിക്കുന്ന സിനിമാ സംവിധാനത്തിലേക്ക് താന്‍ കടക്കുകയാണന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

”ഏറെക്കാലത്തെ ആഗ്രഹമാണ് സിനിമ സംവിധാനം ചെയ്യണമെന്നത്. അതിനായി ഒരുപാട് കഥകള്‍ കേട്ടിരുന്നു. ഇപ്പോള്‍ അനുയോജ്യമായൊരു കഥ ലഭിച്ചു. ‘അയാം സോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ഒരു പ്രണയ കഥയാണ്.

പുതുമുഖങ്ങളായ പ്രേംജിത്ത്, അഭിനവ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും കഥാപാത്രങ്ങളാ കും. ഒരു മ്യൂസിക് ബാന്റ് പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്മായ ആറോളം പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് മകനായ വിഷ്ണുവാണ്,” മോഹന്‍ സിത്താര പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Music Director Mohan Sithara About Yesudas