എന്റെ മണ്‍വീണയില്‍ കൂടണയാന്‍...
Memoir
എന്റെ മണ്‍വീണയില്‍ കൂടണയാന്‍...
ഹനീഷ് ലാല്‍
Sunday, 18th August 2019, 11:39 am

പ്രിയ രഞ്ജന്‍ പ്രമോദ്…

നിങ്ങളോട് മലയാളിക്ക് തീര്‍ത്താല്‍ തീരാത്ത ഒരു കടപ്പാടുണ്ട്. അത്, നിങ്ങളെഴുതിയ അഞ്ച് തിരക്കഥകള്‍ കൊണ്ടോ, കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളോ കാരണമുണ്ടായതല്ല..!

‘എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു മൗനം പറന്ന് പറന്ന് വന്നു… ‘എന്ന് മൗനത്തിന്റെ ഗാംഭീര്യം ഉള്‍ക്കൊള്ളിച്ച് ദാസേട്ടനെ കൊണ്ട് പാടിച്ച്,
മൗനത്തിന്റെ കൊതിപ്പിക്കുന്ന സൗന്ദര്യം മലയാളിയെ അനുഭവിപ്പിച്ച മഹാനായ സംഗീതജ്ഞനെ, മൗനത്തില്‍ നിന്നും തിരിച്ച് കൊണ്ടുവന്നതിനാലാണ്…

മലയാള സിനിമാലോകം നിര്‍ബന്ധിതമായ പുറത്തിരുത്തലിന് വിധിച്ച അദ്ദേഹത്തെ, താനാദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സംഗീത സംവിധായകനായി വേണമെന്ന് നിര്‍ബന്ധം പിടിച്ച്, സ്‌നേഹപൂര്‍വ്വം തിരികെ തന്നതിനാലാണ്….

‘എന്തേ കണ്ണന് കറുപ്പുനിറം…’എന്ന് ചോദിച്ച കൈതപ്രത്തിന്, തന്റെ ആയിരം അഴകുള്ള മാസ്മരിക സംഗീതം കൊണ്ട് മറുപടി പറയിച്ചതിനാലാണ്…!

എത്ര ചികഞ്ഞാലും പതിരുകള്‍ കണ്ടെത്താനാകാത്ത, പാട്ടുകളുടെ പച്ചപാടങ്ങള്‍ കൊണ്ട് മലയാള സിനിമയെ വിസ്മയിപ്പിച്ച ജോണ്‍സണ്‍ മാഷിനെ, അദ്ദേഹത്തിന്റെ സംഗീതത്തിന് ആസ്വാദകരേറെ ഉള്ള കാലത്താണ് മലയാള സിനിമാലോകം തിരസ്‌ക്കരിച്ചത്.

മലയാള സിനിമയില്‍ പശ്ചാത്തല സംഗീതരംഗത്തെ അത്ഭുതമായിരുന്നിട്ടും, സംഗീതം നല്കുന്ന പാട്ടുകളൊക്കെ ജനമനസ്സില്‍ മായാതെ പതിഞ്ഞിട്ടും, ജോണ്‍സണ്‍ മാസ്റ്ററെ ആ കാലഘട്ടത്തിലെ സംഗീത സംവിധായകരില്‍ രണ്ടാമനായി മാത്രം കാണാനായിരുന്നു സിനിമാലോകത്തിന് താല്പര്യം.

മലയാള സിനിമയില്‍ നിന്ന് സംഗീത വിഭാഗത്തില്‍ രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ വ്യക്തിയായിരുന്നിട്ടും ( പൊന്തന്‍മാട , സുകൃതം എന്നിവയുടെ പശ്ചാത്തല സംഗീതത്തിന് ) ജീവിച്ചിരുന്ന നാളുകളില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് അര്‍ഹിച്ച അംഗീകാരം മലയാളി നല്കിയോ എന്ന് സംശയമാണ്.

‘രാക്കിളി പൊന്‍ മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ…’ എന്ന അമരത്തിലെ പാട്ട് രവീന്ദ്ര സംഗീതമായ് വാഴ്ത്തുമ്പോഴും, ‘വരുവാനില്ലാരുമീ വിജനമാമെന്‍ വഴി …’ എം.ജി.രാധാകൃഷ്ണന്‍ സൃഷ്ടിച്ച ഗൃഹാതുരത്വം ആയി ഓര്‍ക്കുമ്പോഴും ആ സിനിമകള്‍ നമ്മള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ കാരണമായ, അതിന്റെ ഹൃദയ തുടിപ്പായി നിന്ന പശ്ചാത്തല സംഗീതം ജോണ്‍സണ്‍ മാഷിന്റേതാണെന്ന് പലരും സൗകര്യപൂര്‍വ്വം മറന്നു..!

കൂടെവിടെയിലെ ‘ആടി വാ കാറ്റേ..’ പാടി പത്മരാജനൊപ്പം ചേര്‍ന്ന ജോണ്‍സണ്‍ മാഷിന്റേതായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍,
തൂവാനത്തുമ്പികള്‍ തുടങ്ങി ഞാന്‍ ഗന്ധര്‍വ്വന്‍ വരെയുള്ള ഭൂരിഭാഗം പത്മരാജന്‍ സിനിമകളുടെയും പശ്ചാത്തല സംഗീതം. തൂവാനത്തമ്പികളിലെ ഗാനങ്ങളുടെ സംഗീതം പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് ആയിരുന്നെങ്കിലും മൊബൈല്‍ റിംഗ്ടോണായി ഇന്നും ആയിരങ്ങള്‍ ഉപയോഗിക്കുന്ന പ്രശസ്തമായ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ജോണ്‍സണ്‍ മാസ്റ്ററുടേതായിരുന്നു.

ബാലചന്ദ്രമേനോനും, സത്യന്‍ അന്തിക്കാടിനും, ശ്രീനിവാസനുമെല്ലാം ജോണ്‍സണ്‍ മാസ്റ്ററില്ലാതെ സിനിമ സങ്കല്പിക്കാനാവാത്ത കാലമായിരുന്നു 2002 ന് മുമ്പ്.

‘ഏതോ ജന്മകല്പനയില്‍…,’ഗോപികേ നിന്‍ വിരല്‍…’ തുടങ്ങിയ ഗാനങ്ങളെല്ലാം ഭരതനൊപ്പം ജോണ്‍സണ്‍ മാസ്റ്റര്‍ അനശ്വരമാക്കിയ ഗാനങ്ങളാണ്. ലോഹിതദാസ് തിരക്കഥയൊരുക്കിയ ഭൂരിഭാഗം സിനിമകളിലും, ‘മഞ്ചാടിമണി കൊണ്ട് മാണിക്യക്കുടം നിറയ്ക്കുന്ന’ ഹാര്‍മോണിയത്തിലൂടൊഴുകുന്ന ആ വിരലുകള്‍ തന്നെയായിരുന്നു..

‘സ്വര്‍ണ്ണ മുകിലേ..സ്വര്‍ണ്ണ മുകിലേ..സ്വപ്നം കാണാറുണ്ടോ …’ എന്ന് ചോദിച്ച് വിണ്ണിന്‍ വീഥിയിലേക്കങ്ങ് നടന്ന് പോയിട്ട് ഇന്ന് 8 വര്‍ഷങ്ങള്‍ കഴിയുന്നു. ഇപ്പോഴും, ഓര്‍ത്തെടുക്കുവാനല്ല, മറക്കാനാവാതെ, ‘പനിനീര്‍ പൊന്മുകുളം പോല്‍ പുതുശോഭയോടെ’ നില്ക്കുന്ന ഒരു പാട് ഗാനങ്ങളുണ്ട്…

‘അനുരാഗിണീ ഇതാ എന്‍..,’മോഹം കൊണ്ടു ഞാന്‍…,’കന്നിപ്പൂമാനം കണ്ണുംനട്ട് ഞാന്‍…,’ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍.., ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ.., ‘കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി…,’ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം.., ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.., ‘താനേ പൂവിട്ട മോഹം…,’തൂമഞ്ഞില്‍ നെഞ്ചിലൊതുങ്ങി…,’രാജഹംസമേ….നിര തീരുന്നില്ല.

ഓരോ മനുഷ്യന്റെയും ഏകാന്ത നിമിഷങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍, തന്റെ ഹൃദയത്തെ തൊട്ട സംഗീതത്തിന്റെ ഉടമയായിരിക്കും..! അതുകൊണ്ട് തന്നെ, മരണത്തിന്റെ മൗനം കൊണ്ട് മറച്ചാലും, വര്‍ഷമെത്ര കഴിഞ്ഞാലും, എന്റെ മണ്‍ വീണയില്‍ മൗനം കൂടണയാനെത്തുന്ന നിമിഷങ്ങളിലെല്ലാം ഓര്‍ക്കും ..

‘നീ നിറയൂ ജീവനില്‍ പുളകമായ്, ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍….ഓര്‍മ്മകള്‍…