എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യമനുസരിച്ചാണ് തിരിച്ചെത്തിയത് : മുഷറഫ്
എഡിറ്റര്‍
Thursday 28th March 2013 9:55am

കറാച്ചി:  രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യമനുസരിച്ചാണ് താന്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയതെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്.

1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഷറഫ് പറഞ്ഞു.

Ads By Google

കറാച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഏറെ വിമര്‍ശനം നേരിട്ട മുഷറഫ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും യുദ്ധവും നടക്കുമ്പോള്‍ പാക്‌സേനാ മേധാവിയായിരുന്നു പര്‍വേസ് മുഷറഫ്. നവാസ് ഷെറീഫ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുഷറഫ് അധികാരത്തിലെത്തുന്നത്.

അഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. തിരിച്ചുവരാന്‍ താന്‍ ആരുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യമനുസരിച്ചാണ് താന്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 11ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് മുഷാറഫ് നയിക്കും. എന്നാല്‍ പാര്‍ട്ടി എത്ര സീറ്റില്‍ വിജയിക്കുമെന്ന് പറയാനാകില്ലെന്നും മുഷറഫ് പറഞ്ഞു.

തന്റെ ഏകാധിപത്യഭരണത്തെ ന്യായീകരിച്ച മുഷറഫ് തന്റെ അധികാര കാലത്ത് പാകിസ്ഥാന്‍ അഭിവൃദ്ധിയിലായിരുന്നുവെന്ന് അവകാശപ്പെട്ടു. രാജ്യവിരുദ്ധപ്രവര്‍ത്തകര്‍ക്കെതിരായും തീവ്രവാദശക്തികള്‍ക്കെതിരായും ശബ്ദമുയര്‍ത്തിയ പാകിസ്ഥാനിലെ ഏക നേതാവ് താനാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള തന്റെ തിരിച്ചുവരവ് രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും മുഷറഫ് പറഞ്ഞു.

Advertisement