എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഒരു രാത്രി മുഴുവന്‍ തങ്ങിയിരുന്നു: പര്‍വേസ് മുഷറഫ്
എഡിറ്റര്‍
Thursday 14th March 2013 2:59pm

ന്യൂദല്‍ഹി: 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ഒരുമാസം മുമ്പ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നിരുന്നതായി പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.

Ads By Google

ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ 11 കിലോമീറ്റര്‍ ഉള്ളിലേക്ക് വന്നെന്നും പാകിസ്ഥാന്‍ സൈനികരോടൊപ്പം ഒരു രാത്രി മുഴുവന്‍ തങ്ങിയിരുന്നതായും മുഷറഫ് വെളിപ്പെടുത്തി. എന്‍.ഡി.ടി.വി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സൈനിക മേധാവിയെന്ന നിലക്ക് സേനക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സൈന്യത്തെ യുദ്ധത്തില്‍ മുന്നില്‍ നിന്ന് നയിക്കാനുമാണ് നിയന്ത്രണരേഖയില്‍ തങ്ങിയത്.

തികച്ചും സൈനികമായ കാര്യങ്ങളാണ് ഇതെല്ലാം. ഇതിനൊന്നും ഇപ്പോള്‍ പ്രാധാന്യമില്ല. അന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സൈനികരോടൊപ്പം കഴിഞ്ഞത്.

അന്താരാഷ്ട്ര അതിര്‍ത്തി നിയന്ത്രണരേഖയാണെന്ന് യഥാര്‍ത്ഥത്തില്‍ പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നിയന്ത്രണരേഖ ലംഘിക്കാന്‍ പറ്റും. അതിനാലാണ് സിയാച്ചിനില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് കഴിയുന്നതെന്നും മുഷറഫ് പറഞ്ഞു.

പാക് സേനയിലെ മുതിര്‍ന്ന ഓഫീസറായിരുന്ന കേണല്‍ അഷ്ഫഖ് ഹുസൈന്‍ 1999ല്‍ ജനറല്‍ പര്‍വേസ് മുഷറഫ് നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയിരുന്നു.

2008ല്‍ പുറത്തിറങ്ങിയ വിറ്റ്‌നെസ് ടു ബ്ലണ്ടര്‍: കാര്‍ഗില്‍ സ്‌റ്റോറി അണ്‍ഫോള്‍ഡ്‌സ് എന്ന ബുക്കില്‍ അദ്ദേഹം ഇക്കാര്യം എഴുതുകയും അടുത്തിടെ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇക്കാര്യം വീണ്ടും പറയുകയും ചെയ്തിരുന്നു.

ഹെലികോപ്റ്ററില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച മുഷറഫിനൊപ്പം കേണല്‍ അംജദ് ഷബീറുമുണ്ടായിരുന്നതായി ‘വിറ്റ്‌നെസ് ടു ബ്ലണ്ടര്‍: കാര്‍ഗില്‍ സ്‌റ്റോറി അണ്‍ഫോള്‍ഡ്‌സ്’ എന്ന പുസ്‌കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1999 മാര്‍ച്ച് 28നാണ് മുഷറഫ് ഇന്ത്യയ്ക്കുള്ളിലെ സിക്രിയ മുസ്തഖര്‍ എന്ന സ്ഥലത്ത് തങ്ങിയത്. അന്ന് എണ്‍പതാം ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന ബ്രിഗേഡിയര്‍ മസൂദ് അസ്‌ലമും മുഷറഫിനൊപ്പം ഉണ്ടായിരുന്നു. കേണല്‍ അംജദ് ഷബീറിന്റെ നേതൃത്വത്തിലുള്ള പാക്ക് സേന അകമ്പടി നല്‍കിയെന്നും അഷ്ഫഖ് ഹുസൈന്‍ പറയുന്നു.

1998 ഡിസംബര്‍ 18 നാണ് കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം ആരംഭിക്കുന്നത്. അന്ന് ക്യാപ്റ്റനായിരുന്ന നദീം ക്യാപ്റ്റന്‍ അലി, ഹവാല്‍ദാല്‍ ലാലക് ജാന്‍ എന്നിവരും നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറി.

അന്നത്തെ ഉത്തരമേഖലാ സെനിക കമാന്‍ഡ് മേധാവിയായിരുന്ന മേജര്‍ ജനറല്‍ ജാവേദ് ഹസനായിരുന്നു കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന്റെ സൂത്രധാരന്‍. എന്നാല്‍ ഈ ദൗത്യം എന്തിനാണെന്ന് ഓഫീസര്‍മാരോട് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്നു വിവിധ സൈനിക യൂണിറ്റുകള്‍ക്ക് ഇന്ത്യയിലേക്കു കടക്കാന്‍ നിര്‍ദേശമുണ്ടായി.

1999 മെയിലാണ് കാര്‍ഗിലിനെച്ചൊല്ലി ഇന്ത്യപാക് സംഘര്‍ഷം ആരംഭിച്ചത്. ഇതിന് ഒരു മാസം മുമ്പാണ് മുഷറഫ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയില്‍ എത്തിയത്.

മുഷറഫ് പറയുന്നത് പോലെ 270 സൈനികരല്ല, ആയിരത്തിലധികം പാക് സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും അഷ്ഫഖ് ഹുസൈന്‍ പറഞ്ഞിരുന്നു.

ശൈത്യകാലത്ത് നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സേന അറിയില്ലെന്നായിരുന്നു പാക് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഒരു ആട്ടിടയന്‍ ഇക്കാര്യം ഇന്ത്യന്‍ സേനയെ അറിയച്ചതോടെ ശ്രമം പാളുകയായിരുന്നു.

Advertisement