എഡിറ്റര്‍
എഡിറ്റര്‍
ഇതാണോ ജനമൈത്രി പൊലീസ്? വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചതെറി വിളിച്ച് മ്യൂസിയം എസ്.ഐ; വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട് യുവാക്കള്‍
എഡിറ്റര്‍
Wednesday 12th April 2017 8:16pm

തിരുവനന്തപുരം: സഹായം ചെയ്യുന്ന വ്യക്തികളോട് നന്ദി പറയണം, എടാ പോടാ വിളി വേണ്ട, തെറ്റ് പറ്റിയാല്‍ ക്ഷമ പറയാന്‍ മടിക്കരുത്, മാന്യമായി പെരുമാറണം…. ഡി.ജി.പിയായിരിക്കെ സെന്‍കുമാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളാണ് ഇവ. മോശമായ പെരുമാറ്റം ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഴിവുകേടായി കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സെന്‍കുമാര്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ പഴയ സര്‍ക്കുലറും പൊലീസില്‍ നിന്ന് പുറത്തായോ എന്ന് സംശയിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

വഴിയോരത്ത് കച്ചവടം ചെയ്യുന്ന യുവാക്കളെ മ്യൂസിയം എസ്.ഐ സുനില്‍ കുമാര്‍ പച്ചതെറി വിളിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തെ ബാര്‍ട്ടണ്‍ കോളനിയ്ക്ക് സമീപം തണ്ണിമത്തന്‍ കച്ചവടം നടത്തുകയായിരുന്ന യുവാക്കളെയാണ് എസ്.ഐ തെറി വിളിച്ചത്.


Don’t Miss: ‘അവകാശങ്ങള്‍ ലഭിക്കട്ടെ ആദ്യം, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍’; താരപദവിയെന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പാര്‍വ്വതി


കഴിഞ്ഞ ദിവസം ഇവിടെയെത്തിയ പൊലീസ് യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്ന് പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ജീവിത മാര്‍ഗമാണ് കച്ചവടമെന്ന് യുവാക്കള്‍ പറഞ്ഞു. അപ്പോഴാണ് എസ്.ഐ തെറി വിളി തുടങ്ങിയത്.

തെറി വിളിക്കരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ യുവാക്കള്‍ക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് എസ്.ഐ പാഞ്ഞടുക്കുകയും ചെയ്തു. അവസാനം എസ്.ഐ വന്നത് പോല തന്നെ തിരിച്ച് പോകുകയായിരുന്നു.

അതേസമയം സ്ഥിരം ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശത്ത് കച്ചവടം നടത്തരുതെന്ന് താന്‍ പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെയാണ് ചീത്ത വിളിച്ചതെന്ന് എസ്.ഐ സുനില്‍ കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് ഗൂണ്ടാ പശ്ചാത്തലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘പെണ്ണഴകിന്റെ ശാരീരിക അനുപാതം’ വിവരിക്കുന്ന സി.ബി.എസ്.ഇ പാഠപുസ്‌കം വിവാദത്തില്‍


ദിവസങ്ങള്‍ക്ക് മുന്‍പ് അവിടെ ആക്രമണം നടന്നിരുന്നുവെന്നും അത്തരത്തില്‍ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്നും സുനില്‍ പറയുന്നു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്.ഐ പറഞ്ഞു.

നേരത്തേയും വിവാദത്തില്‍ പെട്ടയാളാണ് എസ്.ഐ സുനില്‍ കുമാര്‍. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും കുടുംബത്തേയും ഡി.ജി.പി ഓഫീസിന് മുന്നില്‍ വെച്ച് വലിത്തിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനാണ് ഇദ്ദേഹം. ജിഷ്ണുവിന്റെ കുടുംബം ഇദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

വീഡിയോ കാണാം:

Advertisement