എഡിറ്റര്‍
എഡിറ്റര്‍
മുരുകന്റെ മരണം; ആശുപത്രി അധികൃതരെ രക്ഷിക്കാന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം
എഡിറ്റര്‍
Tuesday 5th September 2017 12:35pm

 

തിരുവന്തപുരം:ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇതുമൂലം തുടര്‍ നടപടികള്‍ എടുക്കാന്‍ കഴിയാതെ പൊലീസ് നില്‍ക്കുകയാണെന്നും. ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥ മറച്ച് വെച്ച് പൊലീസ് നടപടികള്‍ വൈകിപ്പിക്കാനാണ് അരോഗ്യവകുപ്പിന്റെ ഈ നടപടികള്‍ എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് പൊലീസിന് നല്‍കാനായി സി.ഐയും കമ്മീഷണറും ഡി.ജി.പിയും കത്ത് നല്‍കിയിട്ടും അരോഗ്യവകുപ്പ് അധികൃതര്‍ ഇതുവരെ അതിന് തയ്യാറായില്ല. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത 20 ദിവസം മുന്‍പ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ പൊലീസിന് അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയു.
കഴിഞ്ഞ ഏഴാം തിയ്യതിയായിരുന്ന റോഡപകടത്തില്‍പ്പെട്ട തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍, ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത്. കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞ് പല സ്വകാര്യ ആശുപത്രിയിലും അപകടത്തില്‍ പെട്ട മുരുകന് ചികിത്സ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് മുരുകനെ തിരുവന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് മുരുകനെ തിരിച്ചയക്കുകയായിരുന്നു.


Also read ‘ഇത്തവണ യോഗം യോഗിയ്ക്ക്’; വാമന ജയന്തി ആശംസിച്ച് യോഗി ആദിത്യനാഥിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികള്‍


എന്നാല്‍ ആശുപത്രിയില്‍ 34 വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നെന്നും ഇതില്‍ 15 എണ്ണം ലഭ്യമായിരുന്നെന്നുമാണ് സൂപ്രണ്ടിന്റെ മൊഴി. ബാക്കിയുള്ള 19 എണ്ണം പ്രവര്‍ത്തനരഹിതമായിരുന്നെന്നും തിരുവന്തപുരം മെഡിക്കല്‍ കോളെജ് സൂപ്രണ്ട് മൊഴി നല്‍കിയിരുന്നു.

അപകടത്തില്‍ പെട്ട മുരുകനെ ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ കൊല്ലത്തെയും തിരുവനന്തപുരത്തെയും പല സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ചയച്ചു.
തുടര്‍ന്ന് മുരുകനെ കൊല്ലത്തെക്ക് തിരിച്ചു കൊണ്ട് വന്നെങ്കിലും ആംബുലന്‍സില്‍ വെച്ച് മരണപെടുകയായിരുന്നു. അപ്പോഴെക്ക് അപകടം നടന്ന് ഏഴുമണിക്കൂര്‍ കഴിഞ്ഞിരുന്നു. ട്രോമ കെയര്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിക്കുകയായിരുന്നെന്ന് സംഘടനയുടെ പ്രവര്‍ത്തകനായ ജോര്‍ജ് സേവ്യര്‍ പറഞ്ഞിരുന്നു
ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയെ തുടര്‍ന്ന് മുരുകന്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുരുകന്റെ കുടുംബത്തിനോട് മാപ്പപേഷിച്ചിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement