തുര്‍ക്കിയില്‍ 27 വയസുള്ള പിനാര്‍ ഗല്ട്ടേക്കിന് എന്ന വിദ്യാര്‍ത്ഥിയെ മുന്കാമുകന് അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെട്ടുവന്നിരിക്കുന്നത്. തുര്‍ക്കിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിനാര്‍ ഗല്ട്ടേക്കിന്റെ മൃതദേഹം ഏഗിയന്‍ പ്രവിശ്യക്കടത്തുള്ള ഒരു കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്.
പിനാര്‍ ഗല്ട്ടേക്കിന്റെ മുന്‍പങ്കാളിയായ സെമല്‍ മെറ്റിന് അവ്സി അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ചവറ്റുകൊട്ടയിലിട്ട് കത്തിച്ചതിന് ശേഷം കോണ്‍ക്രീറ്റില്‍ പൊതിയുകയും ചെയ്തു. 32കാരനായ സെമലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഫെമിസൈഡിനെതിരെ ശക്തമായ ഒരു പ്രതിരോധം തുര്‍ക്കിയിലെ സ്ത്രീകളില്‍ നിന്ന് ഉയര്‍ന്നുവന്നത്.
പിനാര്‍ ഗല്ട്ടേക്കിന്
ഒരു സ്ത്രീയെയോ പെണ്കുട്ടിയേയൊ തന്റെ ജെന്‍ഡറിന്റെ പേരില്‍ പുരുഷന് കൊലചെയ്യുന്നതിനെയാണ് ഫെമിസൈഡ് എന്ന് പറയുക. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ അസഭ്യപ്രയോഗം, മാനസിക പീഡനം, നിത്യേനയുള്ള ശാരീരകവും ലൈംഗികവുമായ അതിക്രമം തുടങ്ങി നിരവധി പീഡനങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഏറ്റവും അറ്റത്ത് നില്ക്കുന്നതും അത്യന്തം ഹീനവുമായ പ്രവൃത്തിയാണ് ഫെമിസൈഡ് അഥവാ സ്ത്രീകളെ കൊലപ്പെടുത്തുന്നത്.
തുര്‍ക്കിയിലെ ഉയര്‍ന്നുവരുന്ന ഫെമിസൈഡിനെതിരെ പതിനായിരകണക്കിന് സ്ത്രീകളാണ് ശബ്ദമുയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ഫെമിസൈഡിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ ക്യാമ്പയിന് ആരംഭിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ #womensupportingwomen എന്ന ഹാഷ് ടാഗില്‍ സ്ത്രീകള്‍ തങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഫെമിസൈഡിനെതിരായി ശബ്ദമുയര്‍ത്തുകയാണ് ഈ ക്യാമ്പയിനിലൂടെ ചെയ്യുന്നത്. സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് സ്ത്രീകള്‍ ഈ ക്യാമ്പയനിന്റെ ഭാഗമാവുന്നുണ്ട്. ഇന്ത്യയിലും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളില്‍ ഒന്നായിരുന്നു #Womensupportingwomen.
ഫെമിസൈഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം തന്നെ തുര്‍ക്കിയിലെ എര്ദോഗാന് ഭരണത്തിലെ സ്ത്രീവിരുദ്ധത പുറത്തുകൊണ്ടുവരിക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ചെയ്യുന്നത്. എര്ദോഗന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലിംഗാധിഷ്ഠിത അക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരുന്ന നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഏകാധിപതിയായ എര്‍ദോഗന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ തുര്‍ക്കിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലയും തുര്‍ക്കിയില്‍ ആഴത്തില്‍ വേരൂന്നിയ സാമൂഹിക പ്രശ്നങ്ങളാണ്. 2009ലെ ഒരു പഠനം പറയുന്നത് തുര്‍ക്കിയില്‍ 15 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകളില്‍ 42 ശതമാനവും തങ്ങളുടെ ഭര്ത്താക്കന്മാരില് നിന്നോ പങ്കാളികളില്‍ നിന്നോ ശാരീരകമോ ലൈംഗികമോ ആയ അതിക്രമം നേരിടുന്നു എന്നാണ്. ഈ പ്രതിസന്ധി എല്ലാ വര്‍ഷവും വര്‍ദ്ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2019ല്‍ 474 സ്ത്രീകളാണ് തങ്ങളുടെ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെട്ടത്. ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണും കൂടി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ 2020ലെ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചനകള്‍.
ലോകത്ത് ഫെമിസൈഡിന് ഇരയായ സ്ത്രീകള്‍ പലരും പങ്കാളികളില്‍ നിന്നും നിരന്തരം അതിക്രമങ്ങള്‍ നേരിട്ടവരായിരുന്നു. സ്വന്തം പങ്കാളി തന്നെയോ അല്ലെങ്കില്‍ മുന്‍ കാമുകരോ ആണ് ഇത്തരത്തില്‍ സ്ത്രീകളെ കൊലപ്പെടുത്തുന്നതില്‍ ഭൂരിഭാഗവും. സ്ത്രീകളെ സ്വന്തം ജീവിത പങ്കാളിയോ കാമുകരോ കൊലപ്പെടുത്തുന്നതിനെ ഇന്റിമേറ്റ് ഫെമിസൈഡ് എന്നാണ് പറയുക.
ഫെമിസൈഡിനെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലൂടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരം ലോകത്ത് ആകെ നടക്കുന്ന സ്ത്രീകളുടെ കൊലപാതകത്തില്‍ 35 ശതമാനവും ഇന്റിമേറ്റ് ഫെമിസൈഡ് ആണ് എന്നതാണ്. അതായത് ലോകത്തിലെ 35 ശതമാനം സ്ത്രീകളെയും കൊലപ്പെടുത്തുന്നത് അവരുടെ ജീവിത പങ്കാളിയോ കാമുകരോ ആണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇത്തരത്തില്‍ ഇന്റിമേറ്റ് പാര്ട്ണറാല് കൊല്ലപ്പെടുന്നതിന്റെ അളവ് വളരെ കൂടുതലാണ് എന്നും ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു.
ഇന്റിമേറ്റ് ഫെമിസൈഡിലൂടെ 5 ശതമാനം പുരുഷന്മാരാണ് ലോകത്ത് കൊല്ലപ്പെടുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗം കൊലപാതകങ്ങളും നടക്കുന്നത് സ്വയം പ്രതിരോധശ്രമത്തിനിടെയാണ്.
ലിംഗാധിഷ്ഠിത അതിക്രമങ്ങളും ഗാര്‍ഹിക പീഡനവും തടയുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ 2011ല്‍ നടന്ന് കൗണ്‍സില്‍ ഓഫ് യുറോപ്പ് കണ്വെന്ഷന്/ഇസ്താംബുള്‍ കണ്വെന്ഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഏറ്റവും ആദ്യം അംഗീകരിച്ച രാജ്യമായിരുന്നു തുര്‍ക്കി. എന്നാല്‍ റജബ് ത്വയിബ് എര്‍ദോഗാന്റെ നേതൃത്വത്തിലുള്ള കണ്‍സെര്‍വേറ്റീവ് ജസ്റ്റിസ് ഡെവലപ്മെന്റ് പാര്‍ട്ടി പരമ്പരാഗത കുടുംബ മൂല്യങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നുവെന്ന് കാണിച്ച് ഈ നിയമത്തില്‍ നിന്നും പിന്മറാന് ശ്രമിച്ചിരുന്നു. ഈ നീക്കം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ തന്നെ ഇല്ലാതാക്കുമോ എന്ന ഭയം വനിതാവകാശ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
സര്‍ക്കാരിനെ കൂടാതെ ചെറുതെങ്കിലും അതിനിര്‍ണായക സ്വാധീനമുള്ള പല ഗ്രൂപ്പുകളും ഇസ്താംബുള്‍ കണ്‍വെന്‍ഷനില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കണ്‍വെന്‍ഷനിലെ നിര്‍ദേശങ്ങള്‍ വിവാഹമോചനത്തിനും അവിശുദ്ധമായ ജീവിത രീതികള്‍ക്കും പ്രേരണയാകുമെന്നായിരുന്നു ഇത്തരം ഗ്രൂപ്പുകളുടെ പ്രധാന വാദം. ഈ നിയമത്തിന്റെ ഭാവി ഇപ്പോള്‍ പാര്‍ലമെന്റിന്റെ കയ്യിലാണ്.
ഇസ്താംബുള്‍ കണ്വെന്ഷന് തെറ്റായിരുന്നുവെന്ന് എ.കെ.പിയുടെ ഡെപ്യൂട്ടി ചെയര്മാന് നുമാന് കുര്തുല്മ്സു അഭിപ്രായപ്പെട്ടിരുന്നു. തുര്‍ക്കിഷ് സമൂഹത്തിന് ഉതകുന്ന നിയമമല്ല ഇതെന്നായിരുന്നു തുര്‍ക്കി സ്പീക്കര്‍ പറഞ്ഞത്. എര്ദോഗാന് ഉള്‍പ്പെടെ ഭരണനേതൃത്വങ്ങളിലിരിക്കുന്നവര് നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉന്നയിക്കാറുമുണ്ട്. എര്ദോഗാന് പറയുന്നത് സ്ത്രീള്‍ പുരുഷന്മാര്ക്ക് തുല്യരല്ല എന്നാണ്. കുട്ടികളില്ലാത്ത സ്ത്രീകളെയും എര്ദോഗാന് അപമാനിക്കാറുണ്ട്. പൊതുസ്ഥലങ്ങളില്‍ ഷോട്ട്സ് ധരിക്കുന്ന സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നതിനു പകരം അവരെ കടുത്ത ഭാഷയില്‍ ചീത്ത പറയണമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയായ ബിനാലി യില്‍ദിരിം പറഞ്ഞത്.
ഭരണനേതൃത്വത്തിലുള്ളവര്‍ ഉയര്‍ത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അവരുടെ മനോഭാവമാണെന്ന് കുടുംബനിയമത്തില്‍ പഠനം നടത്തുന്ന അഭിഭാഷകയായ സെലിന് നാകിപോഗ്ലു പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ നിലവിലുള്ള നിയമങ്ങള്‍ ശക്തമാണ്. അത് കൃത്യമായി നടപ്പിലാക്കുക എന്നതിലാണ് കാര്യം. സര്‍ക്കാര്‍ വിവാഹമോചനത്തില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നിരുന്നാലും വിവാഹമോചന നിരക്ക് ഉയര്‍ന്നുവരികയാണ്.
സ്ത്രീകളെ അതിക്രമിക്കുന്ന കേസുമായി ബന്ധപ്പെട്ട പുരുഷന്മാര് കോടതിയിലെത്തുമ്പോള്‍ അവര്‍ മതപരമായ വിശ്വാസം നിലനിര്‍ത്തുന്നവരും നല്ല രീതിയില്‍ വേഷം ചെയ്യുന്നവരുമാണെങ്കില്‍ പലപ്പോഴും കുറ്റകൃത്യത്തില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ബോധപൂര്‍വ്വം ചെയ്ത കുറ്റകൃത്യങ്ങളില്‍ പോലും പുരുഷന്മാര്ക്ക് ഇത്തരം ഇളവുകള്‍ നല്‍കാറുണ്ട്. ഇതിന് ടൈ റിഡക്ഷന്‍ എന്നൊരു പേരു പോലും നിലവിലുണ്ട്.
തുര്‍ക്കിയില്‍ മാത്രമല്ല ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെ നിയമവ്യവസ്ഥയിലും ഉന്നതഭരണകേന്ദ്രങ്ങളിലും ഇപ്പോഴും സ്ത്രീവിരുദ്ധ നിലനില്ക്കുന്നു എന്നുതന്നെയാണ് സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം യു.എസ് സെനറ്റര്‍ അലസാണ്ഡ്രിയ ഒകാസിയോ കോര്ട്ട്കെസ് തന്നെ അസഭ്യം പറഞ്ഞ മറ്റൊരു സെനറ്ററായ ടെഡ് യോഹോക്കെതിരെ കനത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അസഭ്യം പറച്ചിലും ലൈംഗികാധിക്ഷേപങ്ങളും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങിളും ഒരുസ്ത്രീയെന്ന രീതിയില്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒകാസിയോ പറയുന്നത്. ക്യാമ്പയിനുമായി സഹകരിക്കുന്ന സ്ത്രീകളും ഇത് തന്നെയാണ് പറയുന്നത്. ഫെമിസൈഡ് തുര്‍ക്കിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ലോകത്തിലെ എല്ലാ സ്ത്രീകളും ഇത് പലതരത്തില്‍ നേരിടേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി നഴ്സ് കൊല്ലപ്പെട്ട വാര്‍ത്ത കേരളത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മെറിന് ജോയിയെ കുത്തി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് ഫിലിപ്പ് മാത്യു, കൊല്ലപ്പെട്ടുവെന്ന് ഉറപ്പുവരുത്താനായി അവരുടെ മേല്‍ വാഹനം ഓടിച്ചു കയറ്റുകയും ചെയ്തു. കേരളത്തെ ഞെട്ടിച്ച ഈ വാര്‍ത്ത വിരല്‍ ചൂണ്ടിയത് ഫെമിസൈഡ് എന്ന സാമൂഹിക പ്രശ്നത്തിലേക്ക് തന്നെയാണ്.
മെറിന് ജോയി
സമൂഹത്തില്‍ ആഴത്തില്‍ വേരാഴ്ന്നിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ ഏറ്റവും ഭീകരമായ മുഖമാണ് ഫെമിസൈഡ് അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ സമൂഹത്തില്‍ നിലനിന്നു പോരുന്ന ധാരണകള്ക്കെതിരായിക്കൂടി പൊരുതേണ്ടതുണ്ട് എന്നാണ് ക്യാമ്പയിനിന് നേതൃത്വം നല്കുന്നവര് പറയുന്നത്. ഭരണകേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പൊതുമധ്യത്തിലെത്തുമ്പോള് ഇത് കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അവര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ