എഡിറ്റര്‍
എഡിറ്റര്‍
ചെന്നൈയില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശ: മുരളീധരന്‍
എഡിറ്റര്‍
Wednesday 27th March 2013 3:38pm

ന്യൂദല്‍ഹി: ഐ.പി.എല്‍ സീസണ്‍ 6 ല്‍ തന്റെ രാജ്യത്തുള്ള താരങ്ങളെ ചെന്നൈയിലെ മത്സരങ്ങളില്‍ നിന്ന് വിലക്കിയതില്‍ നിരാശനാണെന്ന് മുന്‍ ലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍.

ശ്രീലങ്കയോടുള്ള വിരോധത്തില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയതിന്റെ നിരാശയിലാണ് താരം. ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ ലങ്കന്‍ താരങ്ങളെ ചെന്നൈയിലെ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതില്‍ ദു:ഖിതനാണെന്നും താരം പറയുന്നു.

Ads By Google

ലങ്കന്‍ താരങ്ങളെ തമിഴ്‌നാട്ടില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ ലങ്കന്‍ താരങ്ങളെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

‘ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ദു:ഖകരമായ ദിവസമാണ്. ഞങ്ങളെ ഇന്ത്യയിലെ ഒരു പ്രത്യേക പ്രദേശത്ത് കളിക്കാന്‍ അനുവദിക്കുന്നില്ല. ഇത് സര്‍ക്കാറിന്റെ തീരുമാനമാണ്. അവര്‍ക്ക് ഞങ്ങള്‍ക്ക് വേണ്ടി സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും.’ മുരളീധരന്‍ പറയുന്നു.

ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മുരളീധരന്‍ കളിക്കുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ശ്രീലങ്കന്‍ ടീമില്‍ ഉള്ള തനിക്ക് ഒരു തമിഴനെന്ന നിലയില്‍ യാതൊരു അവഹേളനവും നേരിടേണ്ടി വന്നിട്ടില്ലെന്നും മുരളീധരന്‍ പറയുന്നു. തന്റെ കരിയറിലും വ്യക്തി ജീവിതത്തിലും ക്രിക്കറ്റ് ബോര്‍ഡും ശ്രീലങ്കന്‍ സര്‍ക്കാറും ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.

നേരത്തേ ശ്രീലങ്കയില്‍ തമിഴരും സിംഹളരും തമ്മില്‍ യുദ്ധമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ശ്രീലങ്കയില്‍ വന്ന് ഇക്കാര്യങ്ങള്‍ വിലയിരുത്താമെന്നും മുരളീധരന്‍ പറയുന്നു.

അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ ചെന്നൈയില്‍ കളിക്കാന്‍ താന്‍ തയ്യാറാണ്. ചെന്നൈ തനിക്ക് രണ്ടാമത്തെ വീടാണ്. തന്റെ ഭാര്യ മധിമലര്‍ ചെന്നൈ സ്വദേശിയാണ്. ഇവിടെ രാഷ്ട്രീയം കളിക്കാതെ ക്രിക്കറ്റിനെ കളിക്കാന്‍ അനുവദിക്കണമെന്നും താരം പറയുന്നു.

Advertisement