എഡിറ്റര്‍
എഡിറ്റര്‍
‘വകുപ്പ് തീറെഴുതി കൊടുത്തിട്ടില്ലെന്നു പറയുന്നവര്‍ ഓര്‍ക്കണം കേരളത്തില്‍ തമ്പുരാന്‍ വാഴ്ച്ചയല്ലെന്ന്’; മന്ത്രി എം.എം മണിയ്ക്ക് മറുപടിയുമായി സി.പി.ഐ
എഡിറ്റര്‍
Thursday 13th April 2017 12:04pm

ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഇടതു മുന്നണിയെ പിടിച്ചു കുലുക്കുന്നു. കയ്യേറ്റവുമായി ബന്ധപ്പെട്ടു മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ രംഗത്തെത്തിയിരിക്കുകയാണ്. ഇടതുമുന്നണി വകുപ്പുകള്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല എന്ന മന്ത്രി മണിയുടെ പരാമര്‍ശത്തിനെതിരെയാണ് സി.പി.ഐയുടെ മറുപടി.

വകുപ്പ് തീറെഴുതി കൊടുത്തിട്ടില്ല എന്നുപറയുന്നവര്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്ന് ഓര്‍ക്കണം. മൂന്നാറില്‍ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണ്. കൈയേറ്റത്തെയും മാഫിയ രാഷ്ട്രീയത്തെയും പിന്തുണക്കുന്നത് ശരിയല്ല. എം.എം മണിയുടെ പ്രസംഗം അനുചിതമായി പോയെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടേല്‍ മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം പറയേണ്ടതെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.

നേരത്തെ, മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കും സഖ്യകക്ഷിയായ സി.പി.ഐയ്ക്കും താക്കീതുമായി വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി രംഗത്ത് എത്തിയിരുന്നു. മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മണി കുറ്റപ്പെടുത്തിയിരുന്നു. മൂന്നാറിലുള്ളവര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളാകില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

സി.പി.ഐ.എം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് അദ്ദേഹം സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ തടഞ്ഞിരുന്നു. സി.പി.ഐ.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് റവന്യു സംഘത്തെ തടഞ്ഞത്.

ഇതോടെ സ്ഥലത്തേക്ക് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തി. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുകയുള്ളുവെന്ന് സബ് കളക്ടര്‍ നിലപാടെടുത്തു. തുടര്‍ന്ന് സംഭവം സംഘര്‍ഷത്തിനും വഴിവെച്ചു.


Also Read: ‘ഒടുവില്‍ തനിനിറം പുറത്തെടുത്ത് യോഗി’; പിന്നോക്ക സമുദായത്തിനുള്ള ഉന്നത വിദ്യാഭ്യസ സംവരണങ്ങള്‍ എടുത്ത് കളഞ്ഞ് യു.പി സര്‍ക്കാര്‍


പ്രതിഷേധത്തില്‍ ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റൂ. പൊലീസ് സ്ഥലത്തെത്തിയിട്ടും നോക്കിനില്‍ക്കുകയല്ലാതെ നടപടിയെടുത്തില്ലെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടര്‍ക്കെതിരായി സി.പി.ഐ.എം സമരം നടത്തിയിരുന്നു. ദേവികുളം ആര്‍.ഡി.ഒ ഓഫീസിന് മുന്നില്‍ മാര്‍ച്ച് 7 മുതലാണ് സി.പി.ഐ.എം അനുകൂല സംഘടന കര്‍ഷക സംഘം സമരം നടത്തിവന്നത്.

പിന്നീട് പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിലാണ് ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രാദേശിക നേതൃത്വം നടത്തിവന്ന സമരം പിന്‍വലിച്ചത്. ഇതിന് പിന്നാലെയായിരുന്നു കയ്യേറ്റമൊഴിപ്പിക്കാനുള്ള സബ് കളക്ടറുടെ നടപടി.

Advertisement