എഡിറ്റര്‍
എഡിറ്റര്‍
കുരിശ് തകര്‍ത്തതിനെ പിണറായി അനുകൂലിച്ചിരുന്നെങ്കില്‍ വര്‍ഗീയ രാഷ്ട്രീയ ആയുധമാക്കി ചിലര്‍ അതിനെ മാറ്റിയേനെ: കോടിയേരി
എഡിറ്റര്‍
Friday 28th April 2017 12:46pm

തിരുവനന്തപുരം: ഏപ്രില്‍ 20ന്റെ ഒഴിപ്പിക്കല്‍ നടപടിയില്‍ ഉദ്യോഗസ്ഥര്‍ ജെ.സി.ബി ഉപയോഗിച്ച് കുരിശ് തകര്‍ത്ത നടപടി ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അതിനെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത് ഉചിതമായെന്നും അല്ലെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ശത്രുചേരിക്ക് വര്‍ഗീയ രാഷ്ട്രീയ ആയുധമാകുമായിരുന്നു ആ വിഷയമെന്നും കോടിയേരി പറയുന്നു.

ഇടുക്കിയിലെ ഭൂപ്രശ്‌നവും തൊഴിലാളികളുടെ അവസ്ഥയെയും പറ്റി നല്ല ഗ്രാഹ്യമുള്ള മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ച് രാഷ്ട്രീയസമരം നടത്തുന്ന ബി.ജെ.പിയും കോണ്‍ഗ്രസ് മുന്നണിയും പ്രകടമാക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ അജന്‍ഡയാണ്.

പൊമ്പിളൈ ഒരുമൈ സമരത്തെ അവഹേളിച്ചില്ലെന്ന് മണി വിശദമാക്കിയിരുന്നു. തന്റെ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പ്രസംഗത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയതും ഇപ്പോള്‍ പൊമ്പിളൈ ഒരുമൈയുടെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏകോദരസഹോദരങ്ങളെപ്പോലെ മൂന്നാറില്‍ സത്യഗ്രഹം നടത്തുന്നതും രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും കോടിയേരി പറഞ്ഞു.


Dont Miss പുലിമുരുകനാണോ സഖാവാണോ ഇഷ്ടപ്പെട്ടത്; ചോദ്യത്തിന് പിണറായിയുടെ കിടിലന്‍ മറുപടി 


അതുപോലെ നിയമസഭ സ്തംഭിപ്പിക്കുന്ന സമരമുറകള്‍ നടത്തുന്നത്, ഒരുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാകുന്നത് തടയാനാണ്.ഈ വിഷയം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പരിശോധിക്കുകയും മണിയുടെ വിശദീകരണം കേള്‍ക്കുകയും ചെയ്തു.

നാനാവശവും യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം.എം മണിയെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

മൂന്നാര്‍ ഭൂപ്രശ്‌നത്തിന്റെ മറവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് മണിയുടെ പ്രസംഗത്തെ ഭൂകമ്പംപോലുള്ളൊരു രാഷ്ട്രീയവിഷയമാക്കി കൊണ്ടുനടക്കുന്നത്.

ഇത്തരം രാഷ്ട്രീയ അടവുകള്‍കൊണ്ട് ഒന്നാംവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുപിന്നില്‍ അണിനിരക്കുന്ന ജനങ്ങളെ തടയാനാകില്ല. ഇപ്പോള്‍ നടക്കുന്ന കോണ്‍ഗ്രസ്-ബിജെപി സമരം കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ യജ്ഞത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമാണ്. ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുകയെന്ന നയത്തിലൂന്നിയാകും എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്നും കോടിയേരി പറഞ്ഞു.

Advertisement