Administrator
Administrator
ബാലഭിക്ഷാടനിര്‍മാര്‍ജനത്തിന്റെ പേരില്‍ പോലീസിന്റെ ഓവര്‍ ആക്ട്:എം.കെ മുനീര്‍
Administrator
Saturday 4th June 2011 9:36am

mk-muneerഇടപ്പള്ളി:ബാലഭിക്ഷാടന നിര്‍മാര്‍ജനത്തിന്റെ പേരില്‍ പോലീസ് ഓവര്‍ ആക്ട് ചെയ്യുകയാണെന്നു സാമൂഹികക്ഷേമവകുപ്പുമന്ത്രി ഡോ:എം.കെ മുനീര്‍. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അമൃത്വേശ്വരി ഹാളില്‍ സമൂഹം-സാങ്കേതികതയും സുസ്ഥിരവികസനവും എന്ന വിഷയത്തെ സംബന്ധിച്ച പ്രഥമവാര്‍ഷിക രാജ്യാന്തരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനങ്ങളില്‍നിന്നു വന്ന യത്തീംഖാനയിലെ പല കുട്ടികളെയും പോലീസ് ജുവനൈല്‍ ഹോമിലാക്കിയെന്ന് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും തക്കതായ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ബാലഭിക്ഷാടനനിര്‍മാര്‍ജനത്തിന്റെ പേരില്‍ കുട്ടികളോട് ഇത്തരം അക്രമം ചെയ്യുന്നത് അനാവശ്യനടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും വികസനത്തെക്കുറിച്ച് പൊതുവായുള്ള കാഴ്ചപ്പാടില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്നും മുനീര്‍ അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരത്തിന് മാറ്റംവരുത്താന്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറണം. അര്‍ഹതപ്പെട്ടവര്‍ക്ക് പലപ്പോഴും ആനുകൂല്യം കിട്ടാതെ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. സാധാരണക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന പല പദ്ധതികളും സമ്പന്നവിഭാഗത്തിനു ഗുണംചെയ്യുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്-മുനീര്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാം പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപയ്ക്ക് അരിയെന്ന പദ്ധതി ഓണസമ്മാനമായി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തെ അര്‍ഹതയുള്ള ഓരോ പൗരനും ഈ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് സര്‍വകലാശാല ഡീന്‍ ഡോ:കാതറിന്‍ എന്‍.ഡല്‍മസ്, അമൃത എഞ്ചിനീയറിംഗ് കോളേജ് ഡീന്‍ ഡോ:ബാലകൃഷ്ണശങ്കര്‍, ഓസ്‌ട്രേലിയന്‍ ഡിക്കണ്‍ സര്‍വകലാശാല ഡയറക്ടര്‍ ഡോ:നവാ സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. .

Advertisement