സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ipl 2018
ഫീനിക്‌സ് മുംബൈ; പഞ്ചാബിനെതിരെ അവസാനപന്തില്‍ ത്രസിപ്പിക്കുന്ന ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 17th May 2018 12:14am

മുംബൈ: തോല്‍വി മുന്നില്‍ക്കണ്ട മത്സരത്തില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ചുകയറി മുംബൈ ഇന്ത്യന്‍സ്. നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെ 3 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി.

മുംബൈ ഉയര്‍ത്തിയ 186 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി മികച്ച ഫോമിലുള്ള രാഹുലും ഫിഞ്ചും ചേര്‍ന്ന് പതിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളയില്‍ ഇരുവരും പുറത്താക്കി ബുംറ മുംബൈയ്ക്ക് വിജയം സമ്മാനിച്ചു.

രാഹുല്‍ 60 പന്തില്‍ 94 റണ്‍സെടുത്തും ഫിഞ്ച് 46 റണ്‍സെടുത്തും പുറത്തായി. മുംബൈക്കായി ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ബുംറ 3 വിക്കറ്റ് സ്വന്തമാക്കി.

അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു. അക്ഷര്‍ പട്ടേലും യുവരാജും ക്രീസില്‍. മൂന്നാംപന്തില്‍ യുവരാജിനെ പുറത്താക്കി മക്ലാഗ്നന്‍ മുംബൈയെ വിജയത്തോടടുപ്പിച്ചു. എന്നാല്‍ അടുത്ത പന്ത് സിക്‌സടിച്ച് അക്ഷര്‍ പട്ടേല്‍ പഞ്ചാബിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അടുത്ത പന്തില്‍ സിംഗിളെടുക്കാനേ പഞ്ചാബിനായൊള്ളൂ. അവസാനപന്തില്‍ 8 റണ്‍സ് എന്ന നിലയിലേക്ക് കളി മാറി.

എന്നാല്‍ ബൗണ്ടറി നേടാനേ മനോജ് തിവാരിക്കായൊള്ളൂ. മുംബൈയ്ക്ക് 3 റണ്‍സിന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സെടുത്തത്.

ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ അതിവേഗം റണ്‍സടിച്ചെങ്കിലും കൂട്ടുകാരന്‍ ലൂയിസിന് പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും യാദവിനൊപ്പം ഇഷന്‍ കിഷന്‍ ചേര്‍ന്നതോടെ സ്‌കോറിംഗിന് ജീവന്‍ വെച്ചു.

എന്നാല്‍ ഇരുവരേയും പുറത്താക്കി ആന്‍ഡ്രൂ ടൈ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ക്രുണാള്‍ പാണ്ഡ്യയും കെയ്‌റോണ്‍ പൊള്ളാര്‍ഡും മുംബൈ ഇന്നിംഗ്‌സിന് വീണ്ടും ജീവന്‍ നല്‍കി.

 

ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ പൊള്ളാര്‍ഡ് 23 പന്തില്‍ 50 റണ്‍സെടുത്തു. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

ക്രുണാള്‍ പാണ്ഡ്യ 32 റണ്‍സെടുത്തു. പഞ്ചാബിനായി ടൈ നാലുവിക്കറ്റെടുത്തു.

ജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ നാലാമതെത്തി.

Advertisement