അര്‍ണബ് ഗോസ്വാമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പൊലീസ്
national news
അര്‍ണബ് ഗോസ്വാമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പൊലീസ്
ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2020, 4:18 pm

മുംബൈ: ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പൊലീസ്. മെയ് 2നായിരുന്നു അര്‍ണബിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബുധനാഴ്ച പകല്‍ 11 മണിക്ക് പൈഥൊനീ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അര്‍ണബിനെ മുംബൈ പൊലീസ് കഴിഞ്ഞ ഏപ്രിലില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

അതേസമയം മെയ് 19ന് അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടും ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിനുമെതിരായി വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമായിരുന്നു അര്‍ണബിന്റെ ആവശ്യം.

വിധി പറയുന്നതിനിടെ മാധ്യമസ്വാതന്ത്ര്യം മൗലീക അവകാശമാണെന്ന് പറഞ്ഞ കോടതി അര്‍ണബിന്റെ പരാമര്‍ശം അതിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും പറഞ്ഞിരുന്നു.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ ഒരേ സ്വഭാവുള്ളതിനാല്‍ ബാക്കി കേസുകള്‍ റദ്ദാക്കുന്നുവെന്നും മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസ് മാത്രം നിലനിര്‍ത്തുമെന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ