രാജസ്ഥാനെതിരെ മുംബൈയ്ക്ക് റോയല്‍ ജയം
Ipl 2020
രാജസ്ഥാനെതിരെ മുംബൈയ്ക്ക് റോയല്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th October 2020, 11:18 pm

അബുദാബി: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത് 192 റണ്‍സ് പടുത്തുയര്‍ത്തിയ രോഹിതും കൂട്ടരും രാജസ്ഥാനെ 136 റണ്‍സിന് പുറത്താക്കി.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണും രണ്ട് വീതം വിക്കറ്റും നേടി.

രാജസ്ഥാന്‍ നിരയില്‍ 70 റണ്‍സെടുത്ത ജോസ് ബട്‌ലറൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുബൈയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് തിളങ്ങിയത്. 47 പന്തുകള്‍ നേരിട്ട താരം രണ്ടു സിക്സും 11 ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.

സൂര്യകുമാറും ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാം വിക്കറ്റില്‍ 76 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്. 19 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മുംബൈക്കായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ 49 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

ഡിക്കോക്കിനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം ഡിക്കോക്ക് 23 റണ്‍സെടുത്തു.

എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ രോഹിത്തിനെയും ഇഷാന്‍ കിഷനെയും വീഴ്ത്തി ശ്രേയസ് ഗോപാല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 23 പന്തില്‍ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 35 റണ്‍സെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്.

തൊട്ടടുത്ത പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഇഷാന്‍ കിഷന്‍ സഞ്ജുവിന്റെ കൈകളില്‍ അവസാനിച്ചു.

പിന്നാലെ ക്രുണാല്‍ പാണ്ഡ്യയെ ഇറക്കിയെങ്കിലും 17 പന്തില്‍ നിന്ന് 12 റണ്‍സെടുക്കാനേ ക്രുനാലിന് സാധിച്ചുള്ളൂ. രാജസ്ഥാനായി നാല് ഓവര്‍ എറിഞ്ഞ ശ്രേയസ് ഗോപാല്‍ 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai Indians vs Rajastan Royals IPL 2020