എഡിറ്റര്‍
എഡിറ്റര്‍
മുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു; സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം
എഡിറ്റര്‍
Thursday 21st March 2013 11:35am

ന്യൂദല്‍ഹി: 1993 മാര്‍ച്ച് 12 ലെ മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കേസിലെ മറ്റ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. വിചാരണക്കോടതി വിധിച്ച 16 പേരുടെ ജീവപര്യന്തം കോടതി ശരിവെക്കുകയും ചെയ്തു.

Ads By Google

സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്നും പ്രതികളിലെ 10 പേര്‍ ബോംബ് വെച്ചതില്‍ കുറ്റക്കാരാണെങ്കിലും ഇവര്‍ മറ്റാര്‍ക്കോ വേണ്ടിയാണ് കൃത്യം നിര്‍വഹിച്ചതെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ മറ്റൊരു പ്രതിയായ ബോളിവുഡ് താരം സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവും സുപ്രീം കോടതി വിധിച്ചു. ആയുധം കൈവശം വെച്ചതിന്റെ പേരിലാണ് സഞ്ജയ് ദത്തിനെ കേസില്‍ പ്രതിചേര്‍ത്തത്.

നാലാഴ്ച്ചക്കകം കീഴടങ്ങാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.  ഇനി മൂന്നര വര്‍ഷം കൂടി സഞ്ജയ് ദത്ത് ശിക്ഷ അനുഭവിക്കേണ്ടി വരും.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഞ്ജയ് ദത്തിന്റെ ശിക്ഷ ഒഴിവാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിധി അംഗീകരിക്കുന്നതായി സഞ്ജയ് ദത്ത് പ്രതികരിച്ചു.

അധോലോക നേതാവ് അബു സലീമിന്റെ സുഹൃത്താണ് തനിക്ക് ആയുധങ്ങള്‍ നല്‍കിയതെന്നും സംഭവവുമായി തനിക്ക് നേരിട്ട് പങ്കില്ലെന്നും സഞ്ജയ് ദത്ത് വാദിച്ചെങ്കിലും കോടതി ഈ വാദം തള്ളുകയായിരുന്നു.

നേരത്തേ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് 16 മാസം തടവില്‍ കഴിഞ്ഞതിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.

12 സ്‌ഫോടന പരമ്പരകളിലായി ഏകദേശം 250 ഓളം പേര്‍ കൊല്ലപ്പെട്ടതായും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും 27 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്കുകള്‍. ജസ്റ്റിസുമാരായ ബി. സദാശിവം, ബിഎസ് ചവാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ വിചാരണ കോടതി 11 പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും 22 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ നടത്തിയ സ്‌ഫോടനമാണിതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമാണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ദാവൂദ് ഇബ്രാഹിമും ഇയാളുടെ കൂട്ടാളി ടൈഗര്‍ മേമനേയും പിടികൂടാന്‍ സാധിച്ചില്ല. പിടികിട്ടിയവരില്‍ പ്രമുഖന്‍ യാക്കൂബ് മേമനെ പ്രത്യേക ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. സംഭവം നടന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്തിമ വിധിയുണ്ടായിരിക്കുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, എയര്‍ ഇന്ത്യ കെട്ടിടം, സഹര്‍ അന്താരാഷ്ട്ര വിമാനത്താവളം, മാഹിമിലെ മത്സ്യത്തൊഴിലാളി കോളനി, സാവേരി ബസാര്‍, പ്ലാസ സിനിമ, സെന്റ്വറി ബസാര്‍, കഥ ബസാര്‍, സീ റോക്ക് ഹോട്ടല്‍, ജുഹു സെന്റ്വര്‍ ഹോട്ടല്‍, വര്‍ളി, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.

Advertisement