പാവം, എന്റെ വടക്കന്‍!!; ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
D' Election 2019
പാവം, എന്റെ വടക്കന്‍!!; ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 10:56 am

 

ന്യൂദല്‍ഹി: ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെ വമ്പിച്ച പരിവര്‍ത്തനം എന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ടോം വടക്കന്‍ ഞങ്ങളുടെയൊക്കെ സുഹൃത്താണ്. ഈ ടോം വടക്കന് എങ്ങനെയാണ് ഈ മനപരിവര്‍ത്തനമുണ്ടായതെന്ന് എനിക്കറിയില്ല. രണ്ടാഴ്ച മുമ്പുവരെ എന്നെ ബന്ധപ്പെടാന്‍ വേണ്ടി എല്ലാ ശ്രമവും അദ്ദേഹം നടത്തിയിരുന്നു. എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് അപ്പോയ്‌മെന്റ് കൊടുത്തിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്ക് തൃശൂരില്‍ സീറ്റ് വേണം, വാങ്ങിച്ചേ പറ്റൂ എന്നാണ്.” എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

“അങ്ങനെയുള്ള മനുഷ്യനുണ്ടായിട്ടുള്ള പരിവര്‍ത്തനം ബൈബിളില്‍പോലും ഇത്തരമൊരു പരിവര്‍ത്തനം ഞാന്‍ വായിച്ചുകേട്ടിട്ടില്ല. വമ്പിച്ച പരിവര്‍ത്തനമാണ്. നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുമൊക്കെ നമ്മളെ പഠിപ്പിച്ചത് അദ്ദേഹമാണ്.

Also read:ന്യൂസിലാന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ വെടിവെയ്പില്‍ നിന്ന് രക്ഷപ്പെട്ടു

ടോമിന്റെ അടുത്തുനിന്നാണ് എനിക്കുപോലും പല വിവരങ്ങളും കിട്ടിയത്. നരേന്ദ്രമോദിയെന്ന ഭീകരനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം നമുക്കറിയാം. നരേന്ദ്രമോദിയെന്ന അഴിമതിക്കാരനെക്കുറിച്ച് പറഞ്ഞത് എനിക്കറിയാം. നരേന്ദ്രമോദിയെന്ന ഈ രാജ്യം കണ്ട ഏറ്റവും വലിയ കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ കുശാഗ്രബുദ്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രികാല സമീപനത്തെക്കുറിച്ചൊക്കെ പറഞ്ഞത് അദ്ദേഹമാണ്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ്. പാവം എന്റെ വടക്കന്‍.” മുല്ലപ്പള്ളി പറഞ്ഞു.

ഇത്തരത്തില്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ചോദ്യത്തിന് അത് സി.പി.ഐ.എമ്മിനോടാണ് ചോദിക്കേണ്ടതെന്ന മറുപടിയാണ് മുല്ലപ്പള്ളി നല്‍കിയത്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോയതെന്നും മുല്ലപ്പള്ളി പറഞ്ഞത്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് നേതാക്കളാണ് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

“നേതാക്കന്മാര്‍ കൂട്ടത്തോടെ പോകുന്നു. പാര്‍ട്ടി ഓഫീസില്‍ ബി.ജെ.പിയുടെ കൊടി സ്ഥാപിക്കുന്നു. എന്തൊരു നാണക്കേടാണ്.” മുല്ലപ്പള്ളി പറഞ്ഞു.