സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഇടപെടേണ്ടതില്ല, ലീഗിന്റെ ആവശ്യങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുല്ലപ്പള്ളി
Kerala
സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഇടപെടേണ്ടതില്ല, ലീഗിന്റെ ആവശ്യങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 12:58 pm

കോഴിക്കോട്: നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇടപെടേണ്ടതില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അത് സംസ്ഥാന തലത്തിലാണ് നടക്കേണ്ടതെന്നും രാഹുല്‍ ഇടപെടേണ്ട വിഷയമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സംസ്ഥാന തലത്തിലാണ് നടക്കേണ്ടത്. ലീഗിന്റെ ആവശ്യങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രാഥമികമായ ചര്‍ച്ചയാണ് നടന്നതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ലീഗുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി അനൗദ്യോഗികമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് കരുതുന്ന കല്‍പറ്റ മണ്ഡലത്തെ ചൊല്ലി നേരത്തെ ലീഗില്‍ തര്‍ക്കമുണ്ടായിരുന്നു. നേരത്തെ എല്‍.ജെ.ഡി മത്സരിച്ചിരുന്ന സീറ്റായിരുന്നു ഇത്.

മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വയനാട് ലീഗ് നേതാവ് ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ലീഗ് ആവശ്യപ്പെട്ട സീറ്റുകളില്‍ കല്‍പ്പറ്റ മണ്ഡലവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാനത്തെ സീറ്റ് വിഭജന കാര്യങ്ങളില്‍ രാഹുല്‍ ഇടപെടേണ്ടതില്ലെന്ന മുല്ലപ്പള്ളിയുടെ പ്രതികരണവും വരുന്നത്.

തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് ഇന്നാണ് തുടക്കമിട്ടത്. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി. കെ കുഞ്ഞാലക്കുട്ടി എന്നിവരാണ് ചര്‍ച്ച നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മൂന്ന് സീറ്റുകള്‍ കൂടി അധികം നല്‍കാമെന്ന് ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ആറ് സീറ്റുകളാണ് ലീഗ് അധികം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം യു.ഡി.എഫില്‍ സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

ലീഗ് 24 സീറ്റുകളിലാണ് നിലവില്‍ മത്സരിച്ചത്. യു.ഡി.എഫില്‍ നിന്നും പോയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം, ലോക് താന്ത്രിക് ജനതാദള്‍ എന്നീ ഘടകകക്ഷികളുടെ ഒഴിവിലാണ് ലീഗ് ആറ് സീറ്റുകള്‍ കൂടി അധികം ചോദിച്ചത്.

രണ്ട് സീറ്റുകള്‍ ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഒരു സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും അവരെ ലീഗും കോണ്‍ഗ്രസും പിന്തുണയ്ക്കുമെന്നും അറിയിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയാണ് ലീഗിന് മൂന്ന് സീറ്റുകള്‍ അധികം ലഭിക്കുക എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ജനുവരിയോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചര്‍ച്ചകള്‍ നടത്താനുള്ള തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran on Rahul Gandhi Kerala Seat Sharing