'ക്രിസ്റ്റ്യാനോയെ പ്രസക്തമാക്കി; SIUU ആഘോഷം തിരിച്ചെത്തിയിരിക്കുന്നു'; സിറാജിനെ പ്രശംസിച്ച് ആരാധകര്‍
Cricket
'ക്രിസ്റ്റ്യാനോയെ പ്രസക്തമാക്കി; SIUU ആഘോഷം തിരിച്ചെത്തിയിരിക്കുന്നു'; സിറാജിനെ പ്രശംസിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd November 2023, 9:50 am

ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച നടന്ന ലോകകപ്പ് പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. ഏഴോവറില്‍ 16 റണ്‍സ് വഴങ്ങി സിറാജ് മൂന്നുപേരെ മടക്കിയിരുന്നു.

മൂന്നാം ഓവറില്‍ കുശാല്‍ മെന്‍ഡസിനെ പുറത്താക്കിയപ്പോള്‍ സിറാജ് നടത്തിയ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘SIUUU’ ആഘോഷമാണ് സിറാജ് നടത്തിയത്. ഇരുവരുടെയും ചിത്രങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സിറാജ് ഇതിനുമുമ്പും ക്രിസ്റ്റ്യാനോയുടെ ഗോള്‍ സെലിബ്രേഷന്‍ ക്രിക്കറ്റില്‍ അനുകരിക്കാറുണ്ട്. ലങ്കക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സിറാജ് വീണ്ടും റോണോയെ അനുകരിച്ചപ്പോള്‍ ‘ക്രിസ്റ്റ്യാനോയെ പ്രസക്തമാക്കുന്നു’വെന്നും ‘SIUU’ ആഘോഷവുമായി സിറാജ് തിരികെയെത്തി’യെന്നും ആരാധകര്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, ഇന്ത്യന്‍ പേസര്‍മാരുടെ മാരക ആക്രമണത്തില്‍ ശ്രീലങ്ക നാണംകെട്ട് മടങ്ങുകയായിരുന്നു.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒരുപോലെ ലങ്കന്‍ ബാറ്റര്‍മാരെ ആക്രമിച്ചു. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ബുംറയും സിറാജും ചേര്‍ന്നാണ് വിക്കറ്റ് വീഴ്ത്തിയത്.

ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്ലി 94 പന്തില്‍ 88 റണ്‍സും അയ്യര്‍ 56 പന്തില്‍ 82 റണ്‍സും നേടി പുറത്തായി.

ലങ്കക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും റണ്‍ ഔട്ടായാണ് പുറത്തായത്.

Content Highlights: Muhammed Siraj mimics Cristiano Ronaldo’s celebration in WC game