സന്തോഷ്‌ട്രോഫി കളിച്ച പാട്ടുകാരന്‍, കോയക്കയുടെ കയ്യിലുണ്ട് ഹിന്ദുസ്ഥാനി ഗസല്‍ അപൂര്‍വശേഖരം
രോഷ്‌നി രാജന്‍.എ

മുഹമ്മദ് റാഫിയുടെയും സൈഗാളിന്റെയും കിഷോര്‍ കുമാറിന്റെയും ബാബുരാജിന്റെയുമെല്ലാം സംഗീതം നിത്യവും മുഴങ്ങുന്ന ഒരു വീടുണ്ട് കോഴിക്കോട് ചേവായൂരില്‍. ഹിന്ദുസ്ഥാനിയുടെയും ഖവാലിയുടെയും ഗസലുകളുടെയുമെല്ലാം സമ്പന്നമായ ഭൂതകാല ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു പാട്ടുകാരനുണ്ട് ആ വീട്ടില്‍. എ.പി മമ്മദ്‌കോയയെന്ന കോയാക്ക. പാട്ടുകാരനായി അറിയപ്പെടാന്‍ ഇഷ്ടമില്ലെങ്കിലും പാട്ടിനെക്കുറിച്ച് കോയാക്കയോളം അറിവുള്ളവര്‍ ചുരുക്കമായിരിക്കും. പാട്ട് പാടുക മാത്രമല്ല. ആയിരക്കണക്കിന് കാസറ്റുകളും സിഡികളും പാട്ടുപുസ്തകങ്ങളും ശേഖരിച്ചുവെക്കുകയെന്ന താല്‍പര്യവും കോയാക്കക്കുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ചതാണ് ഇതില്‍ പലതും. ബാങ്കുദ്യോഗസ്ഥനായി വിരമിച്ച കോയാക്കക്ക് പാട്ടു പഠിക്കാനുള്ള താല്‍പര്യം ഇപ്പോഴും കൈമോശം വന്നിട്ടില്ല.

ചെറുപ്പത്തില്‍ തുടങ്ങിയതാണ് മമ്മദ്‌കോയക്ക് പാട്ടുകളോടുള്ള കമ്പം. കുട്ടിക്കാലത്ത് പാട്ടുകേള്‍ക്കാനായി കോഴിക്കോട് ഫ്രാന്‍സിസ് റോഡിന് സമീപത്തുള്ള കടകളില്‍ അയാള്‍ ചെന്നിരിക്കുമായിരുന്നു. ആ കടകളില്‍ നിന്നൊഴുകി വരുന്ന പാട്ടുകളാണ് തന്നെ മത്തു പിടിപ്പിച്ചിരുന്നതെന്ന് കോയക്ക പറയും. പാട്ടിനോടുള്ള താല്‍പര്യം അറിഞ്ഞ് അമ്മാവന്‍ ഒരു ഗ്രാമഫോണ്‍ വാങ്ങി നല്‍കിയതും അദ്ദേഹത്തിന്റെ ഓര്‍മകളിലുണ്ട്. ഇരുപുറത്തും സൂചിപോലത്തെ ഭാഗമുള്ള സ്യൂട്ട്കേസ് മോഡല്‍ ഗ്രാമഫോണില്‍ പാട്ടുകള്‍ കേട്ട് പഠിക്കാന്‍ കോയക്ക ആരംഭിച്ചു. പാട്ടിന്റെ വരികള്‍ പഠിക്കാനായി പാട്ടുപുസ്തകങ്ങള്‍ വാങ്ങിത്തുടങ്ങിയതും അക്കാലത്താണ്.

മുംബൈയില്‍ നിന്നും സുഹൃത്തുക്കള്‍ വഴി പാട്ടുപുസ്തകങ്ങള്‍ വരുത്തിക്കാറുണ്ട് ഇപ്പോഴും ഇദ്ദേഹം. ഹിന്ദുസ്ഥാനി പാട്ടുകളുടെ വരികള്‍ എഴുതിപ്പഠിച്ച പുസ്തകങ്ങള്‍ കാലങ്ങള്‍ക്കിപ്പറവും ചിതലരിക്കാതെ കോയാക്കയുടെ പക്കലുണ്ട്. അന്നൊക്കെ അഞ്ചും ആറും പൈസക്കുമാണ് പാട്ടുപുസ്തകങ്ങള്‍ വാങ്ങിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഓരോ പാട്ടുകളെക്കുറിച്ച് പറയുമ്പോവും അത് മൂളി കേള്‍പ്പിച്ചുതരാനും കോയക്കക്കിഷ്ടമാണ്.

ഫ്രാന്‍സിസ് റോഡിലെ കടകളില്‍ വെച്ച് പാടുന്ന പാട്ടിന്റെ രാഗത്തെക്കുറിച്ചും പല്ലവിയെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് പാട്ട് പഠിക്കണമെന്ന് തീരുമാനിച്ചത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചതുകൊണ്ടാണ് അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് ഇദ്ദേഹം പറയും.

ഹാജി അബ്ദുറഹിമാന്‍ എന്ന പഴയകാല സിനിമ അഭിനേതാവിന്റെ പക്കല്‍ നിന്ന് വാങ്ങിയ റേഡിയോയില്‍ കാസറ്റുകള്‍ മാറിമാറിയിട്ട് ഉമ്മറക്കോലായില്‍ പാട്ടുംകേട്ടിരിക്കാനാണ് കോയക്കക്ക് ഏറെ ഇഷ്ടം. കാസറ്റുകളും സിഡികളും പുസ്തകങ്ങളും മാത്രമല്ല പെന്നുകളുടെ ശേഖരണവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഹീറോ, കാര്‍ട്ടിയര്‍, ക്രോസ്, മോണ്ട്ബ്ലാങ്ക് എന്നീ പേനകളെല്ലാം ഈ ശേഖരത്തിലുള്ളതാണ്.

പാട്ട് കാരനായി അറിയപ്പെടാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോഴാണ് കോയക്കയോട് പിന്നെ എന്തായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് ചോദിച്ചത്. അതിന് കോയാക്ക നല്‍കിയ ഉത്തരം പന്തുകളിക്കാരന്‍ എന്നായിരുന്നു. സന്തോഷ് ട്രോഫി കളിക്കുകയും പിന്നീട് കേരളടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ച മനുഷ്യനാണ് മുന്നിലിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ കൗതുകമായി. പന്തുകളിക്കാനിറങ്ങുന്ന വേഗത്തിലും ചടുലതയിലും താളത്തിലും തന്നെയാണ് കോയക്ക പാട്ടുപാടുന്നതും. വാര്‍ധക്യത്തിന്റെ ചില പ്രശ്നങ്ങളാല്‍ ശബ്ദമൊന്ന് ഇടറുമെങ്കിലും ഇടറിയിടത്തുനിര്‍ത്തി വീണ്ടും മനോഹരമായൊരു തുടക്കത്തോടെ കോയക്ക പാട്ട് പൂര്‍ത്തിയാക്കും.

1964-65 കാലഘട്ടത്തിലാണ് മമ്മദ്കോയക്ക് സന്തോഷ് ട്രോഫി ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. അന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ് അദ്ദേഹം. പിന്നീട് മദ്രാസ് ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട് കോയക്ക. ഈ കളികളിലെല്ലാം രാഷ്ട്രീയം കലര്‍ത്തുന്നുണ്ടെന്നും അഴിമതികള്‍ നടക്കുന്നുണ്ടെന്ന പരാതിയും കോയക്കക്കുണ്ട്. പറയാനുള്ളത് എവിടെയും പറയുന്നതുകൊണ്ടുതന്നെ ചില നീരസങ്ങളെല്ലാം പന്തുകളിജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

പാട്ടിന്റെ ലോകത്തു നിന്നും ബാബുരാജ് മുതല്‍ സി.എം വാടിയിലും റേഡിയോ കോയയും വരെയുള്ള സുഹൃത്തുക്കളുണ്ട് മമ്മദ്കോയക്ക്. രാഗ് റസാഖ്, എസ്.എം കോയ തുടങ്ങിയ സംഗീതജ്ഞരും മമ്മദ്കോയയുടെ കുടുംബത്തിലുള്ളവരാണ്.

പാട്ടുകള്‍ പഠിച്ചും പാടിയും പന്തുകളി ഓര്‍മകളെ വീണ്ടെടുത്തും ചേവായൂരിലെ റസീന മന്‍സിലില്‍ സംഗീതത്തിന്റെ എന്‍സൈക്ലോപീഡിയയായ എ.പി മമ്മദ്കോയ ജീവിതയാത്ര തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.