'അവന്‍ വരുന്നത് വെറുതയല്ല ലോകകപ്പ് കൊണ്ട് തരും'!
Sports News
'അവന്‍ വരുന്നത് വെറുതയല്ല ലോകകപ്പ് കൊണ്ട് തരും'!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th August 2023, 10:28 pm

 

ഒക്ടോബറില്‍ സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിക്കാതിരുന്ന ഇന്ത്യ ഒരുപാട് പ്രതീക്ഷകളുമായാണ് ഈ ലോകകപ്പിന് ഇറങ്ങുന്നത്. നിലവില്‍ വിന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലാണ് ഇന്ത്യന്‍ ടീം.

ലോകകപ്പിന് ഇന്ത്യന്‍ ടീമിന് ഏറ്റവും അനിവാര്യം ജസ്പ്രീത് ബുംറയുടെ പ്രകടനമാണെന്ന് അടിവരയിട്ട് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. വിന്‍ഡീസിനെതിരെ രണ്ട് മത്സരം തോറ്റെങ്കിലും ഇന്ത്യന്‍ ടീമിന്റെ കോമ്പിറ്റീറ്റീവ് സ്പിരിറ്റ് ചോദ്യം ചെയ്യരുതെന്ന് തുറന്ന് പറയുകയാണ് കൈഫ് ഇവിടെ.

ബുംറയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. വിന്‍ഡീസിനെതിരെ ആദ്യ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ ഇന്ത്യ തോറ്റെങ്കിലും മൂന്നാം മത്സരത്തില്‍ ഇന്ത്യ മികച്ച വിജയവുമായി തിരിച്ചുവന്നിരുന്നു.

‘രണ്ട് തോല്‍വികള്‍ക്ക് ശേഷം ഞാന്‍ ഒരുപാട് നെഗറ്റീവ് പ്രതികരണങ്ങള്‍ കാണുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം കടുത്ത കോമ്പിറ്റീറ്റിവ് ടീമാണെന്ന് ഞാന്‍ പറയും. വെസ്റ്റ് ഇന്‍ഡീസിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ വിധി പറയാന്‍ പോകുന്നില്ല. പ്രധാന കളിക്കാരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത് എന്നത് പരിഗണിക്കണം.

ബുംറയുടെ അഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിച്ചാല്‍ ടീം ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. നാട്ടില്‍ ലോകകപ്പ് നേടാനുള്ള മികച്ച അവസരമാണ് ഞങ്ങള്‍ക്കുള്ളത്,’ കൈഫ് പറഞ്ഞു.

വിന്‍ഡീസ് പരമ്പരക്ക് ശേഷം വരാനിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ നായകനായി ടീമില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ബുംറ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അദ്ദേഹം അവസാനമായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണപ്പെട്ടത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും അദ്ദേഹം കളത്തില്‍ ഇറങ്ങിയില്ല. ഈ വര്‍ഷം ഏഷ്യാ കപ്പ് ലോകകപ്പ് എന്നീ മത്സരങ്ങളില്‍ അദ്ദേഹം തിരിച്ചെത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണ് ടീം ഇന്ത്യക്കും ആരാധകര്‍ക്കുമുള്ളത്.

Content Highlight: Muhammed Kaif Says Jasprit Bumrah will be key player in World cup