ലോക ജൂനിയര്‍ ഐസ് സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട്ടുകാരനായ മുഹമ്മദ് സിനാന്‍; യോഗ്യത നേടിയത് ഈ നേട്ടം കൊയ്ത്
Sports
ലോക ജൂനിയര്‍ ഐസ് സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട്ടുകാരനായ മുഹമ്മദ് സിനാന്‍; യോഗ്യത നേടിയത് ഈ നേട്ടം കൊയ്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th December 2019, 6:04 pm

കോഴിക്കോട്: ലോക ജൂനിയര്‍ ഐസ് സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് ചെക്യാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ എന്ന എന്ന ഒമ്പതാം ക്ലാസ്സുകാരനും. കഴിഞ്ഞമാസം ബെലാറസില്‍ നടന്ന ഷോര്‍ട്ട് ട്രാക്ക് സ്പീഡ് ഐസ് സ്‌കേറ്റിങ് മത്സരത്തില്‍ പങ്കെടുത്ത് 500 മീറ്ററില്‍ 48.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സിനാന്‍ ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്.

ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും സിനാന്‍ സ്വന്തമാക്കി. അടുത്തവര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി മൂന്നുവരെയാണ് ഇറ്റലിയില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ലോക ജൂനിയര്‍ ഷോര്‍ട്ട് ട്രാക്ക് ഐസ് സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സിനാന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ഷോര്‍ട്ട് ട്രാക്ക് സ്പീഡ് ഐസ് സ്‌കേറ്റിങ്ങില്‍ ജൂനിയര്‍ വിഭാഗത്തില്‍ 13 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള വിഭാഗത്തിലെ ദേശീയ ചാമ്പ്യനാണ് സിനാന്‍. ഐസ് സ്‌കേറ്റിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ 2019 ഓഗസ്റ്റില്‍ ദല്‍ഹിയില്‍ നടത്തിയ 16-ാമത് ജൂനിയര്‍ നാഷണല്‍ സ്പീഡ് ഐസ് സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിലും 2019 മേയ് 24-നു നടന്ന നാഷണല്‍ ഓപ്പണ്‍ ഐസ് സ്‌കേറ്റിങ് ചാലഞ്ചിലും സ്വര്‍ണമെഡല്‍ നേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ഐസ് സ്‌കേറ്റിങ് ഒഫീഷ്യല്‍ ടീം കോച്ച് അവ്ദൂദ് തവായുടെ കീഴിലാണു പരിശീലനം. ചെക്യാട് വാഴയില്‍ പീടികയില്‍ മഹമൂദിന്റെയും നജ്മുന്നീസയുടെയും മകനാണ്. പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.