എന്നും സ്വേച്ഛാധിപതികള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു; മടിയില്‍ കനമില്ലെന്ന് പറയുമ്പോഴും അധികാരം നഷ്ടപ്പെടുമോ എന്ന ആദി മുഖ്യമന്ത്രിക്കുണ്ട്: ഫാത്തിമ തഹ്‌ലിയ
Kerala News
എന്നും സ്വേച്ഛാധിപതികള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു; മടിയില്‍ കനമില്ലെന്ന് പറയുമ്പോഴും അധികാരം നഷ്ടപ്പെടുമോ എന്ന ആദി മുഖ്യമന്ത്രിക്കുണ്ട്: ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 4:06 pm

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചിന് പിന്നാലെ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നത്.

പിണറായി വിജയന്റെ ഭയവും വിഭ്രാന്തിയും കാണുമ്പോള്‍ അധികാരം നഷ്ടപ്പെടുമോ എന്ന ആദി അദ്ദേഹത്തിനുള്ളത് പോലെ തോന്നുന്നുവെന്ന് തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്ലിയയുടെ പ്രതികരണം.

‘എല്ലാ കാലത്തും സ്വേച്ഛാധിപതികള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു. ജനങ്ങളില്‍ നിന്നും വളരെ അകലെ, ഇരുമ്പ് മറക്കുള്ളിലാണ് അവര്‍ ജീവിച്ചിരുന്നത്. അരക്ഷിതാവസ്ഥയാണ് നിഗൂഢമായ ഈ സുരക്ഷയാവശ്യപ്പെടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. മടിയില്‍ കനമില്ലെന്ന് ഇടക്കിടെ പറയുന്ന പിണറായി വിജയന്റെ ഭയവും വിഭ്രാന്തിയും കാണുമ്പോള്‍ അധികാരം നഷ്ടപ്പെടുമോ എന്ന ആദി അദ്ദേഹത്തിനുള്ളത് പോലെ തോന്നുന്നു.

ഒന്ന് തീര്‍ത്തു പറയാം, പിണറായി വിജയന്‍ പേടിക്കുന്നത് പ്രതിപക്ഷത്തെയല്ല. ആരോഗ്യപരമായി പരിക്ഷീണിതനായ തന്നെ തക്കം നോക്കി അട്ടിമറിക്കാന്‍ പാര്‍ട്ടിക്കകത്ത് ചരട് വലികള്‍ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത്,’ ഫാത്തിമ തഹ്‌ലിയ എഴുതി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടിയത്. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിരട്ടാനൊക്കെ നോക്കി, അത് കയ്യില്‍ വെച്ചാല്‍ മതി. എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന് കരുതരുത്. അങ്ങനെ പറഞ്ഞവര്‍ക്ക് കിട്ടിയ അനുഭവം ഓര്‍മയുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്ന് സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.