യുദ്ധമല്ല, ലോകകപ്പ് ക്രിക്കറ്റാണ്
ജിതിന്‍ ടി പി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഗ്ലൗസാണ് ഇന്ന് ക്രിക്കറ്റ് ലോകകപ്പിലെ ചര്‍ച്ചാവിഷയം. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധോണി ധരിച്ചിരുന്നു.

ഇതിനെതിരെ ഐ.സി.സി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഈ ഗ്ലൗസുമായി കളിക്കാനിറങ്ങിയ ധോണിയോട് ആ ചിഹ്നം ഗ്ലൗസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു. കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന കഠാര ചിറക് വിരിച്ച് താഴേക്ക് നില്‍ക്കുന്നത് പോലെയാണ് ഈ ചിഹ്നം.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഇന്ത്യന്‍ ടീം മിലിട്ടറി തൊപ്പിയണിഞ്ഞ് കളിക്കാനിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ ലോകകപ്പില്‍ പാകിസ്താനെ വിലക്കണമെന്നാവശ്യവുമായി കായികതാരങ്ങളും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു.

ലോകകപ്പ് പോലെ ജനശ്രദ്ധയാകര്‍ഷിക്കുന്ന കായിക ടൂര്‍ണ്ണമെന്റുകളിലെങ്കിലും അതിര്‍വരമ്പുകളില്‍ തളച്ചിടുന്ന അതിദേശീയതയെ മാറ്റിനിര്‍ത്തേണ്ടതുണ്ട്. വിജയിക്കാനുള്ള അതിയായ ആഗ്രഹത്തോടെ കളിക്കാനിറങ്ങുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള കുടിപ്പക കാത്തുവെച്ചായിരിക്കരുത്.

പരസ്പര ബഹുമാനത്തോടെയുള്ള വിജയദാഹമാണ് ടീമംഗങ്ങള്‍ കാഴ്ചവെക്കേണ്ടത്. പ്രത്യേകിച്ച് കളിക്കളത്തിലെ ഓരോ പെരുമാറ്റങ്ങളും രാഷ്ട്രീയമായി പോലും ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാല്‍ അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്.

ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകളടക്കം മികച്ച വിജയങ്ങള്‍ സമ്മാനിച്ച ധോണിയ്ക്ക് അക്കാര്യത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വവുമുണ്ട്.

മുന്‍കൂര്‍ അനുവാദമില്ലാതെ ജഴ്‌സിയില്‍ മറ്റ് ചിത്രങ്ങളോ ഉപകരണങ്ങളോ പതിക്കരുതെന്നാണ് ഐ.സി.സിയുടെ നിയമാവലിയില്‍ പറയുന്നത്.

നേരത്തെ സേവ് ഗാസ ആന്റ് ഫ്രീ പാലസ്തീന്‍ എന്നെഴുതിയ റിസ്റ്റ് ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയെ മുന്‍പ് ഐ.സി.സി വിലക്കിയിരുന്നു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.