ആരാടോ ക്രെഡിറ്റ് സ്റ്റീലര്‍? കാണെടാ ഏഷ്യാ കപ്പില്‍ ധോണിയുടെ റെക്കോഡ്!
Sports News
ആരാടോ ക്രെഡിറ്റ് സ്റ്റീലര്‍? കാണെടാ ഏഷ്യാ കപ്പില്‍ ധോണിയുടെ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 7:41 pm

ഏഷ്യാ കപ്പിനെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്നത്.

2018ലാണ് അവസാനമായി ഏഷ്യാ കപ്പ് അമ്പത് ഓവര്‍ ഫോര്‍മാറ്റില്‍ നടന്നത് ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാ കപ്പില്‍ ഒരുപാട് പ്രതീക്ഷകളും തയ്യാറെടുപ്പുകളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.

ഏഷ്യാ കപ്പിന്റെ ചരിത്രങ്ങളും റെക്കോഡുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത നായകന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ എം.എസ്. ധോണിയാണ്. രണ്ടാം സ്ഥാനത്തുള്ള സൗരവ് ഗാംഗുലിയേക്കാള്‍ ബഹുദൂരം മുമ്പിലാണ് എം.എസ്. ധോണിയുടെ സ്ഥാനം.

579 റണ്‍സാണ് ധോണി ഏഷ്യാ കപ്പില്‍ നായകനായി സ്വന്തമാക്കിയിട്ടുള്ളത്. 14 മത്സരത്തില്‍ നിന്നുമാണ് ധോണി ഇത്രയും റണ്‍സ് വാരി കൂട്ടിയത്. മൂന്ന് അര്‍ധസെഞ്ച്വറി ഈ 14 ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയ ധോണിയുടെ ശരാശരി 82 റണ്‍സാണ്. രണ്ടാം സ്ഥാനത്തുള്ള ഗാംഗുലി 400 റണ്‍സാണ് ക്യാപ്റ്റന്‍സി കയ്യിലിരിക്കെ സ്വന്തമാക്കിയത്.

317 റണ്‍സുമായി നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ പാക് നായകനായ മിസ്ബ ഉള്‍ ഹഖാണ് നാലം സ്ഥാനത്തുള്ളത്. 310 റണ്‍സാണ് മിസ്ബയുടെ സമ്പാദ്യം.

ഏഷ്യാ കപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോഡു ക്യാപ്റ്റന്‍ കൂള്‍ എം.എസ്.ഡിയുടെ പേരിലാണ്.


ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ശ്രീലങ്കയിലും പാകിസ്ഥാനിലുമായാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്.

 

Content Highlight: Ms Dhoni is Highest Run scorer as captain in Asia Cup