ധോനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു? ജേഴ്‌സിയണിയുന്നത് ഇന്ത്യക്കു വേണ്ടിയല്ല
Cricket
ധോനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു? ജേഴ്‌സിയണിയുന്നത് ഇന്ത്യക്കു വേണ്ടിയല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th November 2019, 9:41 am

ന്യൂദല്‍ഹി: നാലുമാസത്തിനുള്ളില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി. അടുത്തവര്‍ഷം നടക്കുന്ന ഐ.പി.എല്ലിനു മുന്‍പാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരിക.

എന്നാല്‍ ഇന്ത്യക്കു വേണ്ടിയായിരിക്കില്ല ധോനി കളിക്കളത്തില്‍ ഇറങ്ങുക. അടുത്തവര്‍ഷം മാര്‍ച്ചില്‍ ഏഷ്യ ഇലവന്‍ ടീമിനു വേണ്ടിയായിരിക്കും ധോനി ഇറങ്ങുക.

റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമിനെതിരെയുള്ള രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഏഷ്യ ഇലവന്‍ ടീമില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി) ബി.സി.സി.ഐയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ ധോനിയുടെ പേരുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 18, 21 തീയതികളിലായാണു മത്സരങ്ങള്‍. ഇത് ഐ.സി.സിയുടെ പരിധിയില്‍ വരുന്ന മത്സരങ്ങളാണ്.

ധോനിക്കു പുറമേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരെക്കൂടി വേണമെന്നാണ് ബി.സി.ബി ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിനു ശേഷം ധോനി ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. സെമിക്കു ശേഷം രണ്ടാഴ്ച സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാനായി ധോനി സ്വയം ഒഴിഞ്ഞിരുന്നു.

എന്നാല്‍ ഇതിനു ശേഷവും അദ്ദേഹം ടീമിലേക്കു തിരിച്ചുവന്നില്ല. ഇത് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന്റെ സൂചനയാണെന്ന റിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവന്നിരുന്നു.

ലോകകപ്പിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഇന്ത്യ വിവിധ മത്സരങ്ങള്‍ കളിച്ചിരുന്നു.

ധോനിക്കു പകരം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിനെയാണ് ടീം ഉള്‍പ്പെടുത്തിയത്. ടെസ്റ്റില്‍ നിന്നു ധോനി നേരത്തേതന്നെ വിരമിച്ചിരുന്നു.

ബി.സി.സി.ഐ ബി.സി.ബിയുടെ ആവശ്യം അംഗീകരിക്കുകയും ധോനി അതിനു സമ്മതം മൂളുകയും ചെയ്താല്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഏറെക്കുറേ അറുതി വരുംയ അപ്പോഴും ധോനി എന്നാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നതിനെപ്പറ്റി കൃത്യമായ ധാരണയുണ്ടാകില്ലെന്നതാണു യാഥാര്‍ഥ്യം.

ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോനി കളത്തിലിറങ്ങുമെന്നാണു കരുതുന്നത്.

ചിത്രത്തിനു കടപ്പാട്: റോയിട്ടേഴ്‌സ്‌