സീതാ രാമം പോലെയൊരു അവസരം ബോളിവുഡില്‍ കിട്ടിയിട്ടില്ല, അര്‍ഹതപ്പെട്ടവളാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു: മൃണാള്‍ താക്കൂര്‍
Film News
സീതാ രാമം പോലെയൊരു അവസരം ബോളിവുഡില്‍ കിട്ടിയിട്ടില്ല, അര്‍ഹതപ്പെട്ടവളാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു: മൃണാള്‍ താക്കൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th September 2022, 11:14 pm

സീതാ രാമം എന്ന ചിത്രത്തിന്റെ വമ്പന്‍ ഹിറ്റോടെ തെന്നിന്ത്യയാകെ വലിയ ഫാന്‍ബേസാണ് മൃണാള്‍ താക്കൂറിന് ഉണ്ടായിരിക്കുന്നത്. മൃണാള്‍ അവതരിപ്പിച്ച സീതാ മഹാലക്ഷ്മിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. 100 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്.

2018ല്‍ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മൃണാള്‍. ഹിന്ദിയില്‍ തനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും കഴിവുണ്ടെന്ന് സംവിധായകരെ ബോധ്യപ്പെടുത്താന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും മൃണാള്‍ പറയുന്നു.

‘സത്യം പറയട്ടെ, സീതാ രാമം പോലെയൊരു അവസരം എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് നന്നായി അഭിനയിക്കാന്‍ പറ്റും എന്ന് സംവിധായകരെ ബോധ്യപ്പെടുത്താന്‍ നന്നായി കഷ്ടപ്പെട്ടു. എന്നാല്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചില്ല. എനിക്ക് ലഭിച്ചതിലെല്ലാം ഞാന്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കുറച്ച് കൂടി നല്ല സിനിമകള്‍ ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു. ഞാന്‍ അര്‍ഹതപ്പെട്ടവളാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു,’ മൃണാള്‍ പറഞ്ഞു.

നേരത്തെ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച സൂപ്പര്‍ 30, ഷാഹിദ് കപൂര്‍ നായകനായ ജേഴ്‌സി എന്നീ ചിത്രങ്ങളിലെ മൃണാളിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സീതാ രാമത്തിന് ശേഷം 1971 ഇന്ത്യ-പാക്ക് യുദ്ധത്തെ ആസ്പദമാക്കിയുള്ള പിപ്പ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Mrunal thakkur says that it was very difficult to convince the directors that she had the talent