Administrator
Administrator
ദിലീപിന് നായികമാര്‍ പത്ത്
Administrator
Friday 17th June 2011 2:30pm

മിസ്റ്റര്‍ മരുമകനെന്ന ദിലീപിന്റെ പുതിയ ചിത്രത്തില്‍ നായികമാര്‍ ഒന്നോ രണ്ടോ പേരല്ല, പത്ത് പേരാണ്. ഇവരെയൊക്കെ എന്ത് ചെയ്യുമെന്നല്ലേ, പേടിക്കേണ്ട ഒരു ഗാനരംഗത്തില്‍ മാത്രമാണ് ഈ നായികക്കൂട്ടം പ്രത്യക്ഷപ്പെടുന്നത്.

സീരിയല്‍ രംഗത്തെ അഭിനേതാക്കളെയെല്ലാം വിളിച്ചുവരുത്തി ഒരു ഗാനരംഗത്തില്‍ ദിലീപ് നൃത്തമാടിച്ചിട്ട് കാലം അധികമായിട്ടില്ല. ‘കാര്യസ്ഥന്‍’ എന്ന സിനിമയുടെ ഹൈലൈറ്റായിരുന്നു സീരിയല്‍ താരങ്ങള്‍ക്കൊപ്പം ദിലീപ് നൃത്തം ചെയ്യുന്ന രംഗങ്ങള്‍. സംഗതി ക്ലിക്കായതാണ് ദിലീപിന് പ്രചോദനമായത്.

സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു അടിപൊളി ഗാനത്തിന് 10 നായികമാര്‍ക്കൊപ്പം ചുവടുവയ്ക്കുന്ന രംഗം പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസം.

ഉദയ്കൃഷ്ണ സിബി കെ തോമസ് തിരക്കഥയെഴുതുന്ന മിസ്റ്റര്‍ മരുമകന്‍ ഈ വര്‍ഷത്തെ മെഗാഹിറ്റ് പ്രതീക്ഷയാണ്. സനൂഷ നായികയാകുന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മായിയമ്മയായി ഖുശ്ബു അഭിനയിക്കുന്നു. ഖുശ്ബുവിന്റെ ഭര്‍ത്താവായി ഭാഗ്യരാജും എത്തുന്നു. ഭാഗ്യരാജ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍.

അതേസമയം, ദിലീപിന്റെ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. ദിലീപും കലാഭവന്‍ മണിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഫിലിം സ്റ്റാര്‍’ ജൂണ്‍ അവസാനവും, ഓഫ്ബീറ്റ് ചിത്രം ‘ഓര്‍മ്മ മാത്രം’ ജൂലൈ ആദ്യ വാരവും പ്രദര്‍ശനത്തിനെത്തും.

Advertisement