എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വിവസ്ത്രരാക്കി മര്‍ദ്ദനം; പിന്നെ അടിവസ്ത്രം മാത്രം നല്‍കി നിലത്തിരുത്തലും
എഡിറ്റര്‍
Wednesday 4th October 2017 1:24pm

തിക്കംഗര്‍: മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ അപമാനിച്ച് പൊലീസ്. തിക്കംഗറിലെ ബുന്ദല്‍ക്കണ്ട് കളക്ട്രേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയും വസ്ത്രമൂരിവെപ്പിച്ച് നഗ്നരാക്കി മര്‍ദ്ദിക്കുകയുമായിരുന്നു പൊലീസ്.

പ്രതിഷേധം കനത്തപ്പോള്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു. കര്‍ഷകര്‍ പിരിഞ്ഞുപോകില്ലെന്ന് കണ്ടതോടെ ഇവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി.

വായ്പ്പ എഴുത്തിത്തള്ളമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ വലിയ പ്രതിഷേധം നടന്ന ഇടമായിരുന്നു ബുന്ദേല്‍ക്കണ്ട്. പ്രതിഷേധത്തിനിടെ അന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകരായിരുന്നു മരണപ്പെട്ടത്.


Dont Miss കേരള-കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി; കാരണം വ്യക്തമാക്കാതെ പാര്‍ട്ടി നേതൃത്വം


കളക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ കളക്ട്രേറ്റിന് മുന്നില്‍ എത്തിയത്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറില്ലെന്ന് സ്ഥലത്തെ കോണ്‍ഗ്രസ് നേതാവ് യാദവേന്ദ്ര സിങ് പറഞ്ഞു.

തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. പൊലീസ് നടപടിയില്‍ 30 ഓളം കര്‍ഷകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

40 ഓളം കര്‍ഷകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിഞ്ഞാണ് ഞാന്‍ അവിടെ എത്തിയത്. അവിടെ കര്‍ഷകരെ പൊലീസ് തല്ലിച്ചതക്കുന്നതാണ് കാണാനായത്. അടിവസ്ത്രം മാത്രം നല്‍കി അവരെ തറയില്‍ ഇരുത്തിയിരിക്കുകയായിരുന്നു- സിങ് പറഞ്ഞു.

അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടുത്തി എന്‍.എച്ച്.ആര്‍.സിക്കും സ്ംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനാണ് തീരുമാനം. -അദ്ദേഹം പറഞ്ഞു.

എന്നാല്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ കര്‍ഷകരെയാണ് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് സൂപ്പണ്ട് കുമാര്‍ പ്രതീക് പറഞ്ഞത്.

2016 നും 2017 നും ഇവിടെ 1982 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതും ഇവിെയാണ്. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടെ 21000 കര്‍ഷകരാണ് ഇവിടെ ജീവന്‍ ത്യജിച്ചത്.

Advertisement