ഫഹദിനെയും സുരാജിനെയും കടത്തിവെട്ടി നാട്ടുകാരും കുട്ടികളും; തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഡിലീറ്റഡ് സീനുകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
Entertainment
ഫഹദിനെയും സുരാജിനെയും കടത്തിവെട്ടി നാട്ടുകാരും കുട്ടികളും; തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഡിലീറ്റഡ് സീനുകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th June 2021, 5:53 pm

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പുറത്തിറങ്ങി നാല് വര്‍ഷം പിന്നിടുകയാണ്. ഫഹദ് ഫാസിലും നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും അതിഗംഭീരമായ പെര്‍ഫോമന്‍സുകള്‍ നല്‍കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.

തൊണ്ടിമുതലിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്ത ചില രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭാവന സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് കണ്ടത്.

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നിമിഷയും വളരെ കുറച്ച് സമയം മാത്രമാണ് അഞ്ച് മിനിറ്റോളമുള്ള വീഡിയോയില്‍ കടന്നുവരുന്നത്. ബസില്‍ നിന്നും മാല മോഷ്ടിച്ചയാളെ പൊലീസ് പിടിച്ച കഥ പലരും പറയുന്നതും അത് പത്രത്തില്‍ വന്നതിനോടുള്ള പ്രതികരണവുമാണ് പ്രധാനമായും സീനുകളിലുള്ളത്.

ക്ലാസ് മുറിയിലിരുന്ന് ഒരു കുട്ടി തന്റെ കൂട്ടുകാരോട് കള്ളനെ പൊലീസ് പിടിച്ച രംഗം വിവരിക്കുന്നതും, നാട്ടുകാര്‍ ചായക്കടയിലിരുന്ന് കേരള പൊലീസിനെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും സംസാരിക്കുന്നതും, സംഭവത്തെ കുറിച്ചുള്ള പത്രവാര്‍ത്തയിലെ പ്രയോഗങ്ങളെ കളിയാക്കുന്നതുമാണ് രംഗങ്ങളില്‍ ഭൂരിഭാഗവും.

ഫഹദ് ഫാസിലിനെയും സുരാജിനെയും നിമിഷയെയുമെല്ലാം വെല്ലുന്ന പെര്‍ഫോമന്‍സാണ് ഈ രംഗങ്ങളിലുള്ളവര്‍ നല്‍കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ വരുന്ന കമന്റുകള്‍. ഒരുപാട് ഇഷ്ടപ്പെട്ട ചിത്രത്തിന്റെ പുതിയ ഭാഗങ്ങള്‍ കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കമന്റുകള്‍ വരുന്നുണ്ട്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും 2017ലാണ് തിയേറ്ററുകളിലെത്തിയത്. സജീവ് പാഴൂരായിരുന്നു എഴുത്ത്. സന്ദീപ് സേനനും അനിഷ് എം. തോമസുമായിരുന്നു നിര്‍മ്മാണം.

ചിത്രത്തിലെ രാജീവ് രവിയുടെ ക്യാമറയും ബിജിബാലിന്റെ സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രത്തിലെ നിമിഷ സജയന്റെ മിന്നും പ്രകടനവും കൈയ്യടി നേടിയിരുന്നു.

ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടാണ് ചിത്രത്തിലെ പ്രസാദുമാര്‍ വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Movie Thondimuthalum Driksakhiyum  deleted scenes – Fahadh Faasil, Suraj Venjaramoodu, Nimisha Sajayan, Dileesh Pothan