രാജസ്ഥാനിലെ മിനി കാശ്മീരിലേയ്ക്ക് ഒരു വേനലവധിയാത്ര പോയാലോ
Travel Diary
രാജസ്ഥാനിലെ മിനി കാശ്മീരിലേയ്ക്ക് ഒരു വേനലവധിയാത്ര പോയാലോ
ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 8:01 pm
ആരവല്ലിപര്‍വ്വതനിരയിലെ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിലൂടെ ഒരു കാനന യാത്രകൂടി നടത്തിയാല്‍ രാജസ്ഥാന്‍ ട്രിപ്പ് പൂര്‍ണ്ണമാകും. ഇനി പേടിക്കാതെ രാജസ്ഥാനിലേയ്ക്ക് വിട്ടോ. ചൂട് ഒരു പ്രശ്നമാക്കണ്ട, കാരണം ചൂടിനേയും മൂടി നിങ്ങളെ കുളിര്‍പ്പിക്കാന്‍ മൗണ്ട് അബു തലയുയര്‍ത്തി നില്‍പ്പുണ്ടവിടെ.

പൊന്നുടോമി

കൊടുംചൂടത്ത് രാജസ്ഥാനിലേയ്ക്ക് ഒരു ട്രിപ്പ് പോവാനോ. ഇവിടുത്തെ ചൂടൊന്നും പോരാഞ്ഞിട്ടാണോ ചൂടിന്റെ ആസ്ഥാനമായ രാജസ്ഥാനിലേയ്ക്ക് വണ്ടി കയറേണ്ടത് എന്ന് ചിന്തിക്കുന്നതിന് മുമ്പ് മുഴുവന്‍ കേള്‍ക്കു. അതിശൈത്യത്തിലും സഞ്ചാരികളെ കുളിര്‍പ്പിക്കാന്‍ രാജസ്ഥാന്‍ കരുതിവച്ചിരിക്കുന്ന ഐസ് പായ്ക്കാണ് മൗണ്ട് അബു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ രാജസ്ഥാനിലെ മിനി കശ്മീര്‍.

അതെ, വേനല്‍ക്കാലത്ത് പോകുവാന്‍ ഒരുപാട് സ്ഥലങ്ങളുണ്ടങ്കിലും അതില്‍ വ്യത്യസ്തമായി പോയിവരുവാന്‍ പറ്റിയ ഒന്നാണ് മൗണ്ട് അബു. നേരത്തെ പറഞ്ഞപോലെ വേനലില്‍ പോകാന്‍ പറ്റിയതാണോ ഇവിടമെന്ന സംശയം ഇവിടെ എത്തിയാല്‍ മാറിമറിയുവാന്‍ നിമിഷങ്ങള്‍ മതി. മരുഭൂമിയിലെ പച്ചപ്പായി അറിയപ്പെടുന്ന ഇവിടം രാജസ്ഥാനിലെ ഏക ഹില്‍ സ്റ്റേഷന്‍ കൂടിയാണ്. സിരോഹി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് അബു ജൈന വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രം കൂടിയാണ്.

 

സമ്മര്‍ വെക്കേഷന്‍ കാലത്ത് പോകാന്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യുന്നത് മണലാരണ്യങ്ങള്‍ നിറഞ്ഞ രാജസ്ഥാനില്‍ ആയതുകൊണ്ടാണ്. വേനല്‍ക്കാലമായാല്‍ മറ്റ് എവിടത്തേക്കാളും രാജസ്ഥാന്‍ ചുട്ടുപഴുക്കുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം.

അതുകൊണ്ട് തന്നെ വേനല്‍ക്കാലയാത്രയ്ക്ക് ആരും തന്നെ രാജസ്ഥാന്‍ തെരഞ്ഞെടുക്കാറുമില്ല. എങ്കില്‍ ഇനി ധൈര്യമായി വേനല്‍ക്കാലത്ത് രാജസ്ഥാന്‍ സന്ദര്‍ശിക്കാം അതിന് പറ്റിയ സ്ഥലമാണ് മൗണ്ട് അബു. സുന്ദരമായ തടാകങ്ങളും പച്ചവിരിച്ച ചെറു കുന്നുകളും മൗണ്ട് അബുവില്‍ എത്തുന്ന സഞ്ചാരികളുടെ മനസിനെ കുളിരണിയിപ്പിക്കും.

ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മൗണ്ട് അബുവില്‍, പോയ കാലത്തെ ശില്‍പചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും. സുഖകരമായ കാലവസ്ഥയും പ്രകൃതിഭംഗിയും മൗണ്ട് അബുവിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നു.

 

മൗണ്ട് അബുവിലെ മറ്റൊരു മുഖ്യാകര്‍ഷണമാണ് നക്കി തടാകം .ഇവിടെയെത്തിയാല്‍ സഞ്ചാരികള്‍ ആദ്യം പോവുക ഇവിടേയ്ക്കാണ് അത്രയ്ക്ക് വശ്യ ശക്തിയുണ്ട് ഈ തടാകത്തിനും ചുറ്റുമുള്ള പ്രകൃതിക്കും. ഇന്ത്യയിലെ ഒരേയൊരു മനുഷ്യനിര്‍മിത തടാകം കൂടിയാണിത്.സണ്‍സെറ്റ് പോയിന്റ് ,റോട്ട് റോക്ക്, അചല്‍ഗര്‍ഹ് ഫോര്‍ട്ട് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. ട്രക്കിംഗും മറ്റും ഇഷ്ടപ്പെടുന്നവര്‍ക്കായി റോട്ട് റോക്കില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദില്‍വാര ജൈന ക്ഷേത്രങ്ങളും മൗണ്ട് അബുവിലെ പ്രത്യേകതകളില്‍ എടുത്തുപറയേണ്ടതുതന്നെയാണ്. രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ജൈന ക്ഷേത്രങ്ങളാണിവ. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ 5 ക്ഷേത്രങ്ങളാണിവിടെയുള്ളത്.

ഇനി മറ്റൊരു വിസ്മയം കൂടി നിങ്ങള്‍ക്ക് അവിടെ കാണാം. അത് മൗണ്ട് അബു വന്യജീവി സങ്കേതമാണ്.ആരവല്ലിപര്‍വ്വതനിരയിലെ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിലൂടെ ഒരു കാനന യാത്രകൂടി നടത്തിയാല്‍ രാജസ്ഥാന്‍ ട്രിപ്പ് പൂര്‍ണ്ണമാകും. ഇനി പേടിക്കാതെ രാജസ്ഥാനിലേയ്ക്ക് വിട്ടോ. ചൂട് ഒരു പ്രശ്നമാക്കണ്ട, കാരണം ചൂടിനേയും മൂടി നിങ്ങളെ കുളിര്‍പ്പിക്കാന്‍ മൗണ്ട് അബു തലയുയര്‍ത്തി നില്‍പ്പുണ്ടവിടെ.