ഈ അമ്മമാര്‍ ഓടിക്കയറിയത് ചരിത്രത്തിന്റെ ട്രാക്കിലേക്ക്; ദോഹയില്‍ ഇത് 'മദേഴ്‌സ് ഡേ'
athletics
ഈ അമ്മമാര്‍ ഓടിക്കയറിയത് ചരിത്രത്തിന്റെ ട്രാക്കിലേക്ക്; ദോഹയില്‍ ഇത് 'മദേഴ്‌സ് ഡേ'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2019, 9:04 am

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ പിറന്നത് അമ്മമാരുടെ ദിനമായിരുന്നു. മൂന്ന് അമ്മമാരാണ് ഇന്നലെ ഒരൊറ്റ ദിവസം ലോകത്തിനു മുന്നില്‍ പൊന്നണിഞ്ഞത്. ഷെല്ലി ആന്‍ ഫ്രേസര്‍, അല്ലിസണ്‍ ഫെലിക്‌സ്, ലിയു ഹോങ് എന്നിവരായിരുന്നു കാണികളെ വിസ്മയിപ്പിച്ച ആ അമ്മമാര്‍.

ചാമ്പ്യന്‍ഷിപ്പിന്റെ വേഗറാണിയായ ഷെല്ലി 100 മീറ്ററില് സ്വര്‍ണമണിയുമ്പോള്‍ രണ്ടുവയസ്സുകാരനായ മകന്‍ സ്യോണ്‍ കാണികളിലൊരാളായുണ്ടായിരുന്നു. അതിവേഗം വിജയത്തിലേക്ക് ഓടിക്കയറിയ ഷെല്ലി ട്രാക്കില്‍ വെച്ചുതന്നെ സ്യോണിനെ വാരിപ്പുണര്‍ന്നു.

ഇതു മാതൃത്വത്തിന്റെ വിജയമെന്നായിരുന്നു ഫ്രേസറുടെ ആദ്യ പ്രതികരണം.

4×400 മീറ്റര്‍ മിക്‌സഡ് റിലേയിലായിരുന്നു അല്ലിസണിന്റെ നേട്ടം. 10 മാസം പ്രായമുള്ള മകള്‍ കാമ്രിനായിരുന്നു അല്ലിസണിനു വേണ്ടി കൈയ്യടിക്കാന്‍ ഏറ്റവും ആവേശം കാണിച്ചതെന്നു പറയേണ്ടിവരും. മത്സരശേഷം മകളെ എടുത്തുയര്‍ത്തി അവര്‍ ആഹ്ലാദവും പങ്കിട്ടു.

അതേസമയം രണ്ടുവയസ്സുകാരന്‍ മകനെ വീട്ടിലിരുത്തിയായിരുന്നു ലിയു ദോഹയില്‍ 20 കിലോമീറ്റര്‍ നടന്ന് സ്വര്‍ണത്തിലെത്തിയത്.

ഗര്‍ഭിണിയായ സമയം സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചതിനെതിരെ അല്ലിസണും ആന്‍ഫ്രേസറും ശബ്ദമുയര്‍ത്തിയത് ഏറെ വാര്‍ത്തയായിരുന്നു.

‘മമ്മി റോക്കറ്റ്’ എന്നാണിപ്പോള്‍ ഫ്രേസറുടെ വിളിപ്പേര് തന്നെ. 10.71 സെക്കന്റിലായിരുന്നു ഫ്രേസര്‍ വേഗറാണിയായത്. ലോക മീറ്റില്‍ 100 മീറ്ററില്‍ ഫ്രേസറുടെ നാലാമത്തെ സ്വര്‍ണം കൂടിയാണിത്. മകന്‍ ജനിച്ച് 13-ാം മാസമാണ് ഫ്രേസര്‍ ട്രാക്കിലെത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അല്ലിസണാകട്ടെ, ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ മറികടന്നാണ് ഈ വിജയം ആഘോഷിച്ചത്. ഈ 33-കാരിയുടെ 12-ാം സ്വര്‍ണനേട്ടമായിരുന്നു ദോഹയിലേത്. ബോള്‍ട്ടിനാകട്ടെ, 11 സ്വര്‍ണം മാത്രമേയുള്ളൂ.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് മിക്‌സഡ് റിലേ ഉള്‍പ്പെടുത്തുന്നത്. അതിലാകട്ടെ, യു.എസ് ടീം ലോക റെക്കോഡിട്ടു. 3.09.34 സമയത്തിലാണ് അവര്‍ ഫിനിഷ് ചെയ്തത്.

2016-ലെ റിയോ ഒളിമ്പിക്‌സിനു ശേഷമാണ് ലിയു കളം വിട്ടത്. അടുത്തവര്‍ഷം മകനു ജന്മം നല്‍കി. പിന്നാലെ മൂന്നുവര്‍ഷത്തെ ഇടവേള. അവിടെനിന്ന് ദോഹയിലെ കൊടുംചൂടിലേക്ക്. ഇവിടെ നേടിയത് മൂന്നാം ലോകകിരീടം.

രണ്ടുവയസ്സുകാരന്‍ മകന്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ വീട്ടിലിരുന്നാണ് അമ്മയുടെ പ്രകടനം കണ്ടത്. ലിയുവിന് അഭിമാനിക്കാന്‍ മറ്റൊരു വക കൂടിയുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ മൂന്ന് മെഡലും നേടിയത് ചൈന തന്നെയാണ്. അത് റെക്കോഡാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കായികരംഗത്ത് ആദ്യമായല്ല അമ്മമാര്‍ മത്സരിക്കുന്നതും മെഡല്‍ നേടുന്നതും. എന്നാല്‍ ഒരു മീറ്റില്‍ മൂന്ന് അമ്മമാര്‍ പൊന്നണിയുന്നത് ഇതാദ്യമായാണ്. അതുമാത്രമല്ല, 2015-ലെ ഷോട്ട്പുട്ട് ചാമ്പ്യന്‍ ജര്‍മനിയുടെ ക്രിസ്റ്റീന ഷ്വാനിറ്റ്‌സ് കൂടി ഇനി അമ്മമാരുടെ കൂട്ടത്തില്‍ മത്സരിക്കാനുണ്ട്.

അത്‌ലറ്റിക്‌സില്‍ ഡച്ച് താരം ഫാനി ബ്ലാങ്കേഴ്‌സ് രണ്ടു കുട്ടികളുടെ അമ്മയായതിനു ശേഷമാണ് 1948-ലെ ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണം നേടി ചരിത്രം കുറിച്ചത്.

40-ാം വയസ്സിലായിരുന്നു പതിനായിരം മീറ്ററില്‍ ബ്രിട്ടീഷ് താരം ജോ പാവി ലോക ചാമ്പ്യനായത്. അന്നവരുടെ 11-കാരന്‍ മകന്‍ കാണിയായി സ്റ്റേഡിയത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഹെപ്റ്റാത്തലണ്‍ താരം ജെസീക എന്നിസ് ഹില്‍സും സമാനനേട്ടത്തിനുടമയാണ്.

ടെന്നീസ് താരങ്ങളായ സെറീന വില്യംസും കിം ക്ലൈസ്റ്റേഴ്‌സും അമ്മമാരായതിനു ശേഷവും കോര്‍ട്ടിലിറങ്ങിയിരുന്നു.