ജപ്തിഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ: അമ്മയും മരിച്ചു; ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുക്കും
Family Suicide
ജപ്തിഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ: അമ്മയും മരിച്ചു; ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 7:29 pm

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തിനടപടി ഭയന്ന് ആത്മഹത്യക്കു ശ്രമിച്ച അമ്മയും മരിച്ചു. ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാരായമുട്ടം സ്വദേശിനി ലേഖ(40)യാണു മരിച്ചത്. നേരത്തേ ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ വൈഷ്ണവി (19) മരിച്ചിരുന്നു.

സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെയാണ് കേസെടുക്കുക. ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മാരായമുട്ടം മലയിക്കടയിലാണ് ദാരുണസംഭവം നടന്നത്. കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പ് ഇവരുടെ കുടുംബം അഞ്ചു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇവരിപ്പോള്‍ മരപ്പണിക്കാരനാണ്.

ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

അതേസമയം കുടുംബത്തിന് മേല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. തിരിച്ചടവിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.