എഡിറ്റര്‍
എഡിറ്റര്‍
ദര്‍സില്‍ പഠിക്കാന്‍പോയ മകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ഉമ്മയുടെ മൃതദേഹം: സംഭവം കുമ്പളയില്‍
എഡിറ്റര്‍
Sunday 13th August 2017 9:14am

കുമ്പള: പള്ളിദര്‍സില്‍ പഠിക്കാന്‍ പോയ മകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഉമ്മയുടെ മൃതദേഹം. കുമ്പള പുതിഗെ എ.കെ.ജി നഗറിലാണ് സംഭവം.

ആയിശ (52) ആണ് മരിച്ചത്. ആയിശയും മകനും കര്‍ണാടക സ്വദേശികളായിരുന്നു. 11 വര്‍ഷം മുമ്പാണ് ഇവര്‍ കേരളത്തിലെത്തിയത്. മകന്‍ ബാസിത് പെരിയടുക്കയിലെ പള്ളിദര്‍സില്‍ താമസിച്ചു പഠിക്കുകയായിരുന്നു. ഉമ്മയുമായി പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതായതോടെ ബാസിത് വീട്ടിലേക്കു വന്ന് കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ബാസിത് വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു. കല്ല്യാണ വീടുകളിലും മറ്റുംസ്ഥിരമായി വീട്ടുജോലിക്കു പോകാറുള്ള ആളായിരുന്നു ആയിശ. അങ്ങനെ എവിടെയെങ്കിലും പോയതാകുമെന്ന് കരുതി ബാസിത് തിരിച്ചുപോയി. എന്നാല്‍ പിന്നീട് ഫോണില്‍ പലതവണ വിളിച്ചിട്ടും ഉമ്മയെ കിട്ടാതായതോടെ വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും വീട്ടിലേക്കു വന്നു.


Must Read:  ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


വീടിനു ചുറ്റും ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. വാതിലില്‍ തുടരെ തുടരെ മുട്ടിവിളിച്ചിട്ടും തുറക്കാതായതോടെ ജനല്‍ പൊളിച്ച് ഉള്ളിലേക്കു നോക്കിയ ബാസിത് കണ്ടത് തറയില്‍ മരിച്ചുകിടക്കുന്ന ഉമ്മയെയായിരുന്നു. ഇതോടെ ബഹളംവെച്ച ബാസിത് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Advertisement