എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; മൂന്ന് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Friday 7th April 2017 10:22am

 

തളിപ്പറമ്പ്: കകണ്ണൂര്‍ തളിപ്പറമ്പില്‍ അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ത്ഥിയായ ലാല്‍ജിത്ത് കെ സുരേഷിനെയാണ് കാറില്‍ തട്ടിക്കൊണ്ട് പോയി സംഘം മര്‍ദ്ദിച്ചത്. സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.


Also read ‘എസ്.ബി.ഐ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍’; ബാങ്ക് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ


കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തളിപ്പറമ്പ് ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തു. കൊടിയില്‍ താഹ യാസിന്‍, മുഹമ്മദ് താഹ, അബ്ദുള്‍ മജീദ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഘത്തിലെ ആറോളം പേരെ തിരിച്ചറിഞ്ഞതായും ഡി.വെ.എസ്.പി വ്യക്തമാക്കി.

കോളേജിലെ ഒന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ ലാല്‍ജിത്ത് കഴിഞ്ഞ ദിവസം കോളേജ് വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചത്. സംസാരിച്ച് നില്‍ക്കവേ കാറിലെത്തിയ രണ്ടംഗസംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബസില്‍ കയറ്റിവിട്ട ശേഷം ലാല്‍ജിത്തിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

അള്ളാകുളത്തെ ഗ്രൗണ്ടിലേക്ക് യുവാവിനെക്കൊണ്ടു പോയ സംഘം ഫോണില്‍ വിളിച്ചാണ് മറ്റുള്ളവരെ ഇവിടെയെത്തിച്ചത്. തുടര്‍ന്ന് കാറിലും ബൈക്കിലുമെത്തിയ പത്തംഗം സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ലാല്‍ജിത്തിന്റെ പരാതി. മര്‍ദ്ദനമേറ്റ് അവശനിലയിലായ യുവാവിനെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് സംഘം പോയെങ്കിലും തിരിച്ചെത്തിയ സംഘത്തിലെ ഒരാള്‍ ബൈക്കില്‍ കയറ്റി തൊട്ടടുത്ത ബസ്‌റ്റോപ്പില്‍ ഇറക്കുകയായിരുന്നു.

അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളോട് ഇനി സംസാരിച്ചാല്‍ കഴുത്തറുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പോയതെന്നും യുവാവ് പറയുന്നു. വീട്ടിലെത്തിയപ്പോഴേക്കും അവശ നിലയിലയിലായ യുവാവിനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

Advertisement