എഡിറ്റര്‍
എഡിറ്റര്‍
കാസര്‍കോട് തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സദാചാര കൊലപാതകമെന്ന് പൊലീസ്
എഡിറ്റര്‍
Friday 6th October 2017 8:46pm


കാസര്‍കോട്: ആദുര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തൊഴിലാളി മര്‍ദ്ദനമേറ്റ് മരിച്ചത് സദാചാര കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മര്‍ദ്ദനമേറ്റ് അവശനായ നിലയില്‍ കണ്ടെത്തിയ കൊയകുഡ്ലുവിലെ എ കെ ലക്ഷ്മണ മരിച്ചത്. സദാചാരഗുണ്ടകളുടെ മര്‍ദ്ദനത്തിലാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസിപ്പോള്‍.


Also Read: ‘മോദിയെ പിന്തുണച്ചത് ഞാന്‍ ചെയ്ത തെറ്റ്’; നരേന്ദ്രമോദിക്കെതിരെ വീണ്ടും അരുണ്‍ ഷൂരി


ആദൂര്‍ പാണ്ടിയിലെ ഒരു വിധവയുടെ വീട് സന്ദര്‍ശിച്ച സമയത്തായിരുന്നു ലക്ഷ്മണയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടന്നത്. ഇവരുടെ വീട്ടില്‍ ലക്ഷ്മണ സ്ഥിരമായെത്തുന്നത് ശ്രദ്ധിച്ചിരുന്ന സംഘമാണ് അക്രമം നടത്തിയത്. മര്‍ദ്ദനമേറ്റ ലക്ഷ്മണയെ ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വീണ് കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. നേരത്തെ ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍ സിറ്റിംഗ് ജഡ്ജിയുടെ സാന്നിധ്യത്തില്‍ പൊലീസ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടു പേര്‍ ചേര്‍ന്നു തന്നെ വടിയും മറ്റും ഉപയോഗിച്ച് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നെന്നായിരുന്നു ലക്ഷ്മണ മൊഴി നല്‍കിയത്.


Dont Miss: യോഗിയെ ട്രോളി പിണറായിയുടെ ട്വീറ്റുകള്‍; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍


മര്‍ദ്ദിച്ചവരുടെ പേരും ലക്ഷ്മണ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ രണ്ടും ഇപ്പോള്‍ ഒളിവിലാണ്. ലക്ഷ്മണയെ മര്‍ദ്ദിച്ച സംഘം ഇയാളെ രണ്ടു ദിവസം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും സംഘ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രദേശത്തെ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തിനു സാക്ഷികളായവരില്‍ നിന്നും വിധവയില്‍ നിന്നും മൊഴിയെടുക്കാനിരിക്കുകയാണ് പൊലീസ് സംഘം. ആദൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Advertisement