മണ്‍സൂണ്‍ ട്രിപ്പിന് മംഗളുരു മാടി വിളിക്കുന്നു
Travel Info
മണ്‍സൂണ്‍ ട്രിപ്പിന് മംഗളുരു മാടി വിളിക്കുന്നു
ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 2:22 pm

മണ്‍സൂണ്‍ ട്രിപ്പുകളെ കുറിച്ച് ആലോചിച്ചു തുടങ്ങേണ്ട സമയമാണിത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയാണെങ്കില്‍ നമ്മുടെ അയല്‍സംസ്ഥാനവുമാണല്ലോ? അപ്പോപിന്നെ പോകാന്‍ ഇതിനേക്കാള്‍ നല്ലൊരു ചോയ്‌സില്ല. മണ്‍സൂണ്‍ ഡെസ്റ്റിനേഷന് പറ്റിയ ഏറ്റവും നല്ലയിടമാണ് മാംഗളുരു. ഹില്‍സ്റ്റേഷനുകളും ഇടതൂര്‍ന്ന കാടുകളും ചന്നംപിന്നം പെയ്തുകൊണ്ടിരിക്കുന്ന മഴയും ഏവരെയും ഇങ്ങോട്ട് മാടിവിളിക്കും.

 

അംഗുബെ

മാംഗ്ലൂരില്‍ അഗുംബെ ഒഴിവാക്കിയാല്‍ ഈ മഴയാത്ര നമുക്ക് നഷ്ടമായിപ്പോകും. തെക്കിന്റെ ചിറാപുഞ്ചിയെന്ന് വിശേഷിപ്പിക്കുന്ന അംഗുബെ ഷിമോഗയിലാണ് സ്ഥിതിചെയ്യുന്നത്. അംഗുബെയിലെ വെള്ളച്ചാട്ടം കാണാനാണ് ഏവരും ഇങ്ങോട്ട് എത്തുന്നത്. വന്യജീവി സമ്പത്തില്‍ സമ്പന്നനായ അംഗുബെയില്‍ മനംകവരുന്ന വ്യൂ പോയിന്റുകള്‍ വേണ്ടുവോളമുണ്ട്. മംഗളുരുവിലെത്തിയാല്‍ 98 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. താമസത്തിന് സിറ്റിയില്‍ മുറിയെടുക്കുന്നതാണ് നല്ലത്.

 

 

കുടജാദ്രി

മഞ്ഞും മഴയും പ്രണയവും ഒരുപോലെ പെയ്യുന്ന കുടജാദ്രിയെ കുറിച്ച് അറിയാത്ത സഞ്ചാരികള്‍ കേരളത്തിലുണ്ടാകില്ല. മംഗളുരുവിന്റെ സ്വന്തം മണ്‍സൂണ്‍ ട്രക്കിങ് ഡെസ്റ്റിനേഷനാണിവള്‍.ക്യാമ്പ് ചെയ്ത് യാത്ര തുടരാന്‍ പറ്റിയ ഇടമാണിത്. കര്‍ണാടകയുടെ വിവിധ ജില്ലകളില്‍ നിന്ന് ഒരുപോലെ എത്തിച്ചേരാന്‍ സാധിക്കുന്ന പടിഞ്ഞാറന്‍ മലനിരകളുടെ മടിത്തട്ടാണിവിടം. വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും കൊടുംവനങ്ങളും അരുവികളുമൊക്കെ നമ്മുടെ മനംകവരും.

കുടജാദ്രിയിലെ ട്രക്കിങ് നല്ലൊരനുഭവമായിരിക്കും. കൂടാതെ പുരാതന കാലത്തെ കോട്ടകളും ക്ഷേത്രങ്ങളുമൊക്കെ ഇവിടെയെത്തിയാല്‍ കാണാം. ഫോട്ടോഗ്രഫി താല്‍പ്പര്യമുള്ളവര്‍ക്ക് ആവോളം ദൃശ്യവിസ്മയങ്ങള്‍ പ്രകൃതി ഇവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്നു. മണ്‍സൂണ്‍ സീസണാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ നല്ല സമയം. മംഗളുരിവില്‍ നിന്ന് 165 കി.മീ സഞ്ചരിച്ചാല്‍ കുടജാദ്രിയില്‍ എത്താം.

 

സക്ലേശ്പൂര്‍

മംഗളുരുവിലെ ഹാസന്‍ജില്ലയിലെ ഹില്‍സ്റ്റേഷനാണ് സക്ലേശ്പൂര്‍. പശ്ചിമഘട്ടത്തിലുള്ള ഈ ഡെസ്റ്റിനേഷന്‍ കാപ്പിത്തോട്ടങ്ങളുടെ പേരില്‍ അതിപ്രശസ്തമാണ്. മഴകൊണ്ടുള്ള ട്രക്കിങ്ങിനും മഴഫോട്ടോഗ്രഫിയും താല്‍പ്പര്യപ്പെടുന്നവരെ ഇവിടം ഒരിക്കലും നിരാശപ്പെടുത്തില്ല. ശാന്തസുന്ദരമായ ഒരു ഭൂപ്രദേശമാണിത്. മംഗളുരുവില്‍ നിന്ന് 130 കി.മീ ദൂരമുണ്ട്.