വയനാട്ടില്‍ വീണ്ടും കുരങ്ങ് പനി; ആശങ്കയോടെ ആരോഗ്യവകുപ്പ്; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
Health
വയനാട്ടില്‍ വീണ്ടും കുരങ്ങ് പനി; ആശങ്കയോടെ ആരോഗ്യവകുപ്പ്; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 2:37 pm

വയനാട്: പനി ബാധിച്ച രണ്ട് പേരുടേയും വീടുകള്‍ തമ്മില്‍ 15 കിലോമീറ്ററിലധികം ദൂരമുണ്ട്. അതുകൊണ്ട് തന്നെ പൊതുവായൊരു ഇടത്തില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. പക്ഷെ പ്രഭവകേന്ദ്രം വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പനി വീണ്ടും വന്നതോടെ ആരോഗ്യവകുപ്പ് വയനാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനത്തില്‍ പോകുന്നവരോടാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തിരുനെല്ലിക്ക് പുറമെ മുത്തങ്ങയിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ആരോഗ്യവകുപ്പ്, വനം വകുപ്പ്, ട്രൈബല്‍ വകുപ്പ് എന്നിവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ., സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ടി.ഡി.ഒ.മാര്‍ എന്നിവര്‍ക്കാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും പ്രതിരോധനടപടികള്‍ സ്വീകരിക്കാനുമുള്ള നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

ALSO READ: പുലപ്രകുന്ന് കോളനിയിലെ ഭൂരഹിതര്‍ക്ക് മുപ്പത് ദിവസത്തിനകം പട്ടയം നല്‍കുമെന്ന് കലക്ടര്‍

നിലവില്‍ പേടിക്കേണ്ട സാഹചര്യം വയനാട്ടിലില്ല. പക്ഷെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുരങ്ങ് പനി സ്ഥിരീകരിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അടിയന്തര നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചതായി വയനാട് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Image result for monkey fever

തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശത്തെ യുവാവിനാണ് കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത്. യുവാവിന്റെ രക്ത സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ യുവാവിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതില്ലയെന്നാണ് ആശുപത്രി പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന്് ആശുപത്രി അധികൃതര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ശക്തമായ പനി ഇടവിട്ട് വരുന്നതും, തലകറക്കവും, ഛര്‍ദ്ദിയും കുരങ്ങുപനിയുടെ ലക്ഷണമാണ്. കൂടെ കടുത്ത ക്ഷീണവും രോമങ്ങളില്‍ നിന്ന് രക്തവും ചൊറിച്ചിലും ഉണ്ടാകും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Image result for monkey fever

നിലവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഭീഷണി നിലനില്‍ക്കുന്നത്. ഇവിടം പ്രതിരോധ നടപടികള്‍ ആരംഭിച്ചതായും ആരോഗ്യ വകുപ്പ് പറഞ്ഞു. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

ALSO READ: നഗരങ്ങളിൽ ചെന്ന് ഫുട്ബോൾ കളിക്കാം; കോഴിക്കോട് 24X7 ഫുട്‌ബോള്‍ മൈതാനങ്ങള്‍ വ്യാപകമാകുന്നു

രോഗസാധ്യതയുള്ള പ്രദേശങ്ങളിലും ജില്ലയിലെ എസ്.ടി കോളനികളിലും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നിരീക്ഷണം ഉറപ്പാക്കണമെന്ന് ട്രൈബല്‍ വകുപ്പിന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വനത്തില്‍ പോകുന്നവര്‍ ദേഹം മുഴുവനും മൂടുന്ന വസ്ത്രം ധരിക്കണമെന്നും കാലുറകളും കയ്യുറകളും ധരിക്കാതെ വനത്തില്‍ പോകരുതെന്നുമുള്ള നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്. വനത്തില്‍ പോയി വരുന്നവര്‍ നിര്‍ബന്ധമായും ചൂട് വെള്ളത്തില്‍ കുളിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ജില്ലാ ആരോഗ്യ വകുപ്പ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Image result for monkey fever

കഴിഞ്ഞ വര്‍ഷങ്ങളില്‍ കുരങ്ങുപനി ബാധിച്ച വയനാട്ടില്‍ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അസുഖത്തെ ചെറുതായി കാണാന്‍ കഴിയില്ല. മുന്‍കരുതല്‍ അത്യാവശ്യമാണ്. ആരോഗ്യവകുപ്പ് പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരുനെല്ലി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വനവുമായി സമ്പര്‍ക്കം കൂടുതലുള്ളവര്‍ക്കാണ് അസുഖം വരാന്‍ സാധ്യത. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കാട്ടിലെ എല്ലാ ജീവജാലങ്ങളുടേയും ദേഹത്ത് രോഗത്തിന് കാരണമാകുന്ന ചെള്ളുണ്ടാകും ഇത് കുരങ്ങുകളില്‍ കൂടുതലാണ്. ഇത്തരം കുരങ്ങുകള്‍ മരിക്കുന്നുണ്ടെങ്കില്‍ കുരങ്ങുപനിക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുരങ്ങുകള്‍ മരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മുന്‍കരുതലിന്റെ ഭാഗമായി അതാത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ മാത്രമാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്്. സംസ്ഥാനത്തിന്റെ മറ്റുയിടങ്ങളില്‍ പനി സ്ഥിരീകരിച്ചിട്ടില്ലെന്നും വയനാട്ടിന് പുറത്ത് വനം പങ്കിടുന്ന ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ALSO READ:പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും പിടിയിലമര്‍ന്ന് കേരളീയ യുവത്വം: സമഗ്രപഠനത്തിന് തുടക്കമിട്ട് ആരോഗ്യവകുപ്പ്

കര്‍ണാടകയില്‍ ഷിമോഗയിലാണ് ഇക്കൊല്ലം കുരങ്ങ് പനി ആദ്യമായി സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2013ല്‍ നൂല്‍പ്പുഴയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത് 2014ല്‍ പുല്‍പള്ളിയില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ 102 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നൂറും പുല്‍പള്ളിയിലായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചട്ടില്ല.

ചെള്ളിലൂടെയാണ് കുരങ്ങ് പനിയുടെ വൈറസ് പകരുന്നത്. കുരങ്ങിന്റെ ശരീരത്തിലുള്ള ചെള്ളുകളാണ് അപകടകരം. അതുകൊണ്ട് കുരങ്ങുമായുള്ള സമ്പര്‍ക്കം ചുരുക്കണം. രണ്ടാമത് കരിച്ചോ അല്ലെങ്കില്‍ രാസവസ്തുക്കള്‍ തളിച്ചോ ചെള്ളിനെ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനോ ലാളിക്കാനോ വയനാട്ടില്‍ വരുന്ന വിനോദസഞ്ചാരികള്‍ മുതിരരുതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കുരങ്ങുകള്‍ ചത്താല്‍ അവയുടെ ജഡം കയ്യുറകള്‍ ഉപയോഗിച്ച് മാത്രം നീക്കം ചെയ്യുക. മാലത്തിയോണ്‍ സൈഫ്‌ളൂത്രിന്‍, സൈപ്പര്‍മെത്രിന്‍,ഡെല്‍റ്റാമെത്രിന്‍, ഡി.എം.പി തുടങ്ങിയ കീടനാശിനികള്‍ ജഡത്തിന് ചുറ്റും തളിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.