പ്രിയനും ഒരല്‍പ്പം റിലാക്‌സ് ചെയ്യട്ടെ, ബോക്‌സിംഗ് ചിത്രം ഉടനെയില്ലെന്ന് മോഹന്‍ലാല്‍
Entertainment news
പ്രിയനും ഒരല്‍പ്പം റിലാക്‌സ് ചെയ്യട്ടെ, ബോക്‌സിംഗ് ചിത്രം ഉടനെയില്ലെന്ന് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th December 2021, 4:39 pm

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒടുവില്‍ ഒന്നിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരുന്നു.

ചിത്രത്തിന് സമിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ കൂട്ടുകെട്ടിലെ അടുത്ത ചിത്രം എന്നാണ് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നടന്‍ മോഹന്‍ലാല്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

നിലവില്‍ കമ്മിറ്റ് ചെയ്ത ഒരുപാട് സിനിമകള്‍ ഇനിയും തീര്‍ക്കാനുണ്ട്. സ്വന്തം സംവിധാനത്തില്‍ ഒരുക്കുന്ന ബറോസ് ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ റാം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ പകുതി ഭാഗം കഴിഞ്ഞു. പകുതി യു.കെയിലാണ് ചിത്രീകരിക്കുന്നത്. എഗ്രിമെന്റ് ചെയ്ത ഒന്നു രണ്ട് സിനിമകള്‍ ബാക്കിയുണ്ട്. ഇതിനൊക്കെ ശേഷമായിരിക്കും അടുത്തൊരു പ്രിയദര്‍ശന്‍ സിനിമയെന്നും അതുവരെ പ്രിയനുമൊന്ന് റിലാക്സ് ചെയ്തോട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടുത്തതായി ഒരുങ്ങുന്നത് ഒരു ബോക്‌സിംഗ് ചിത്രമാണെന്നാണ് സൂചന. നേരത്തെ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബോക്‌സിംഗ് പരിശീലിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.