കാലങ്ങളായി ചിട്ടയോടെ ശരീരം സൂക്ഷിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണ്; മോഹന്‍ലാല്‍ പറയുന്നു
Entertainment news
കാലങ്ങളായി ചിട്ടയോടെ ശരീരം സൂക്ഷിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണ്; മോഹന്‍ലാല്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th August 2021, 11:53 am

മമ്മൂട്ടി തന്റെ ശരീരത്തെ ചിട്ടയായി സംരക്ഷിക്കുന്നത് എല്ലാ കാലത്തും മലയാളസിനിമാലോകത്തെ ചര്‍ച്ചയാണ്. മമ്മൂട്ടിയുടെ ട്രെയിനിങ്ങിനെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചുമെല്ലാം നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുള്ളതാണ്.

ഇപ്പോള്‍ മമ്മൂട്ടി ശരീരം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുന്നത് മറ്റാരുമല്ല, നടന്‍ മോഹന്‍ലാലാണ്. കാലങ്ങളായി ചിട്ടയോടെ ശരീരം കാത്തുസൂക്ഷിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് മമ്മൂട്ടിയോട് അതിയായ അസൂയയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ഗൃഹലക്ഷ്മിയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്.

‘പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന് ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നാല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല.

ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം.

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്.

നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന സ്വന്തം ഫോട്ടോകളെല്ലാം വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. നടന്റെ ചിട്ടയായ വ്യായാമത്തെക്കുറിച്ച് ട്രെയിനര്‍മാരും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാ ഷൂട്ടിംഗില്‍ ആണെങ്കില്‍ പോലും ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നയാളാണ് മമ്മൂട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal says about Mammoottys body