ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മോഹന്‍ലാല്‍ മന്ത്രിയെ കണ്ടു; എ.എം.എം.എയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് എ.കെ ബാലന്‍
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 10:57pm

തിരുവനന്തപുരം: എ.എം.എം.എയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്‍. മലയാള എ.എം.എം.എയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നടന്‍ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

എ.എം.എം.എയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന്റെ മുന്നോടിയായാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ചത് വന്‍ വിവാദമായിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.

Advertisement