ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചത്; മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയില്‍ വനംവകുപ്പ്
Daily News
ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചത്; മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയില്‍ വനംവകുപ്പ്
ന്യൂസ് ഡെസ്‌ക്
Friday, 19th July 2019, 3:36 pm

കൊച്ചി: ആനക്കൊമ്പുകേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

നിയമപരമല്ലാത്ത വഴിയിലൂടെയാണ് അനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ കോടതിയെ അറിയിച്ചു.

ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹരജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്.

മോഹന്‍ലാല്‍ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചെന്നുള്ള വനംവകുപ്പ് തള്ളി. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ല. കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി ആയിരുന്നെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പറഞ്ഞു.

കൊച്ചി തേവരയിലെ മോഹന്‍ലാലിന്റെ ഫ്‌ലാറ്റില്‍ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

2016ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയത് പരാതിക്കിടയാക്കി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയെത്തുകയായിരുന്നു.