'അല്ലെങ്കിലും ഇച്ചാക്കയുടെ അടുത്ത് ഞാന്‍ അങ്ങനെയാണ്, കെട്ടിപിടിക്കാനും ഉമ്മ വെക്കാനുമുള്ള സ്വതന്ത്ര്യമുണ്ട്'
Entertainment news
'അല്ലെങ്കിലും ഇച്ചാക്കയുടെ അടുത്ത് ഞാന്‍ അങ്ങനെയാണ്, കെട്ടിപിടിക്കാനും ഉമ്മ വെക്കാനുമുള്ള സ്വതന്ത്ര്യമുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th September 2023, 4:05 pm

മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ ചിത്രത്തില്‍ ഒന്നാണ് ജോഷി സംവിധാനം ചെയ്ത No.20 മദ്രാസ് മെയില്‍. സിനിമയില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ഈ സിനിമയിലെ മോഹന്‍ലാല്‍-മമ്മൂട്ടി കോംബോ സീനുകള്‍ ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന കെമിസ്ട്രിയെ പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍. തനിക്ക് അത്തരത്തില്‍ ഇളകി അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം മമ്മൂട്ടിയുമായുള്ള അടുപ്പം കൊണ്ടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പേ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മാതൃഭൂമിക്ക് നല്‍കിയ പഴയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

‘ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹവും പരിചയവും കൊണ്ട് തന്നെയാണ് ആ സീന്‍ അത്തരത്തില്‍ ചെയ്യാനായത്. അല്ലാതെ അങ്ങനെയൊരു സീന്‍ ചെയ്യാന്‍ കഴിയില്ല. വേറൊരു ആക്ടര്‍ അത് ചെയ്താല്‍ വേറൊരു തരത്തിലായി മാറും. എല്ലാ സീനുകളും അങ്ങനെയാണ്. പക്ഷെ ഞാന്‍ അല്ലെങ്കിലും മമ്മൂട്ടിക്കായുടെയടുത്ത് ഇങ്ങനെയൊക്കെ കാണിക്കാറുണ്ട് (ചിരി).

അദ്ദേഹത്തെ പോയി കെട്ടിപിടിക്കാനും ഉമ്മ വെക്കാനുമൊക്കെയുള്ള സ്വതന്ത്ര്യം എനിക്കുണ്ട്. അത് തന്നെയാണ് ഞാന്‍ ആ സിനിമയില്‍ ചെയ്തിരിക്കുന്നത്. നല്ല തമാശയല്ലേ. നമ്മള്‍ ചെയ്യുന്ന കാര്യം തന്നെയാണ് റീക്രീയേറ്റ് ചെയ്തിരിക്കുന്നത്. അത് വേറൊരു സ്‌പേസിലാണ്, സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്നുള്ള ശബ്ദങ്ങളൊക്കെയുണ്ട്. പിന്നെ ഒരു കാരക്ടറുമാണ്.

നമ്മള്‍ വളരെ ഓപ്പണാണ്. ആ സ്‌നേഹവും സ്വതന്ത്രവുമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പോയി കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും പറ്റുന്നത്. നമ്മുടെ കൂടെ പലപ്പോഴും അഭിനയിക്കുന്ന സമയത്ത് പലര്‍ക്കും എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍ പരിഭ്രമിക്കാറുണ്ട്. ‘അയ്യോ ഏട്ടാ’ എന്നൊക്കെ പറയും. ഒരു വലിയ ആക്ടറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് തോന്നാവുന്ന കാര്യങ്ങളാണിത്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടില്ല.

മമ്മൂട്ടിക്കയുടെ കൂടെയൊക്കെ അങ്ങനെയുള്ള സിനിമ ചെയ്തുവന്നതുകൊണ്ടാവാം. അമിതാഭ് ബച്ചന്റെ കൂടെയായാലോ ശിവാജി സാറിന്റെ കൂടെയായാലോ നാഗേഷ് ശിവറാം സാറിന്റെ കൂടെയായാലോ ഒക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്കൊരു കംഫേര്‍ട്ട് സോണിലേക്ക് പോകാന്‍ സാധിച്ചത് മമ്മൂട്ടിക്കയുടെ കൂടെ അഭിനയിച്ച ഇത്തരത്തിലുള്ള സിനിമകളിലൂടെയുള്ള സഞ്ചാരം കാരണമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about No 20 Madras mail and Mammootty