മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം റാം പുനരാരംഭിക്കുന്നു
Entertainment news
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം റാം പുനരാരംഭിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th August 2022, 10:08 am

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് അനൗണ്‍സ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് റാം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു എന്നാണ് ജീത്തു ജോസഫ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിന് ശേഷം റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നാണ് ജീത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ചിത്രത്തിന്റെ വിദേശ ലൊക്കേഷന്‍ ഹണ്ടിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജീത്തു പങ്കുവെച്ചിരുന്നു. ലണ്ടനിലാണ് നിലവില്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നത്.

2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിങ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. സെക്കന്‍ന്റ് ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ ഷൂട്ടിങ് ബ്രേക്കായി. അതാണിപ്പോള്‍ പുനരാരംഭിക്കാന്‍ പോകുന്നത്.

നേരത്തെ റാമൊരു ഹോളിവുഡ് സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമാണെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

‘റാം ഒരു ആക്ഷന്‍ സിനിമയാണ്, മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളത്. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ കൊണ്ട് വരുന്നുണ്ട്. ഒരു ഹോളിവുഡ് സ്റ്റൈലില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ആദില്‍ ഹുസൈന്‍, ചന്തുനാഥ് തുടങ്ങിയവര്‍ റാമില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.


ചിത്രത്തിന്റേതായി നേരത്തെ പുറത്ത് വന്ന സ്റ്റില്ലുകള്‍ ഒക്കെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം മോഹന്‍ലാലും ജീത്തും ജോസഫും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം ട്വല്‍ത്ത് മാനാണ് . അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, അനു മോഹന്‍, പ്രിയങ്ക, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ, രാഹുല്‍ മാധവ്, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മിച്ചത്.

Content Highlight: Mohanalal jeethu jospeph’s Ram movie shooting resumed